ഒമാനിൽ പൊതുഅവധിയും മഴയും; നാടും നഗരവും നിശ്ചലം
text_fieldsമസ്കത്ത്: ഒമാനിൽ ഞായറാഴ്ച മുതൽ ആരംഭിച്ച അസ്ഥിര കാലാവസ്ഥ കാരണം നാടും നഗരവും നിശ്ചലമായി. പ്രതികൂല കാലാവസ്ഥയെതുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ച പൊതു ജനങ്ങൾ പുറത്തിറങ്ങിയില്ല. വീട്ടിൽ കഴിയണമെന്നും അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബലേൻസ് അതോരിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പ്രധാന നഗരങ്ങളും പൊതുസ്ഥലങ്ങളും ആളൊഴിഞ്ഞു കിടന്നു.
വ്യാപാര സ്ഥാപനങ്ങളും ഹൈപ്പർ മാർക്കറ്റുകളും തുറന്ന് പ്രവർത്തിച്ചെങ്കിലും ഉപഭോക്താക്കൾ കുറവായിരുന്നു. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉപഭോക്താക്കൾ താരതമ്യേന കുറവായിരുന്നു. പ്രധാന മാർക്കറ്റായ മത്ര സൂഖും മവേല സെൻട്രൽ വെജിറ്റബിൾ മാർക്കറ്റും അടഞ്ഞുകിടന്നിരുന്നു. മുവാസലാത്ത് സിറ്റി സർവിസുകൾ നിർത്തിയതും നഗരങ്ങളിൽ തിരക്ക് കുറയുന്നതിന് കാരണമായി.
പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യൻ സ്കൂളുകളും അടഞ്ഞുകിടന്നു. പല ഭാഗങ്ങളിലും ഞായറാഴ്ച വൈകുന്നേരം തന്നെ മഴ ആരംഭിച്ചിരുന്നു. ഇതോടെ റോഡുകളിൽ തിരക്ക് കുറയാൻ തുടങ്ങിയിരുന്നു. കനത്ത മഴ പെയ്യുന്ന ഷിനാസ്, ലിവ ഭാഗങ്ങളിൽ ജനങ്ങൾ തീരെ പുറത്തിറങ്ങിയില്ല. മത്രയിൽ സുഖ് അടഞ്ഞുകിടന്നെങ്കിലും മൊത്ത വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചു.
പ്രതികൂല കാലവസ്ഥ നിമിത്തം മാവേല സെൻട്രൽ മാർക്കറ്റ് പ്രവർത്തിക്കാതിരുന്നത് ഈ മേഖലയിൽ വാഹനം കുറക്കാൻ കാരണമാക്കി. ദിവസവും നൂറുകണക്കിന് പേരാണ് മാർക്കറ്റിലെത്തുന്നത്. ഇത് ഗതാഗത ക്കുരുക്കിനും കാരണമാക്കുമായിരുന്നു. മാർക്കറ്റ് അടഞ്ഞത് കാരണം വാഹനങ്ങൾ തീരെ കുറവായിരുന്നു. മുവാസലാത്ത് സിറ്റി സർവീസ് നിർത്തിയതും ടാക്സി സർവീസ് കുറഞ്ഞതും കാരണം ജനങ്ങൾ പുറത്തിറങ്ങാൻ മടിച്ചുനിന്നു. മുവാസലാത്തിന്റെ സിറ്റി സർവിസിനെ ദിവസവും നിരവധി പേരാണ് ആശ്രയിക്കുന്നത്. സർക്കാർ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞതും പൊതുഗതാഗത സർവിസുകൾക്ക് നിയന്ത്രണമുണ്ടായതും ആളനക്കം കുറയാൻ കാരണമായി.
സാധാരണ മഴയത്ത് വാഹനമോടിക്കുന്നവരും വാദിക്ക് സമീപവും മറ്റും കറങ്ങുന്നവരും നിരവധിയാണ്. എന്നാൽ, നിയമം കർശനമാക്കിയതോടെ ഇങ്ങനെ കറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ബീച്ചുകളിലും മറ്റും അധികൃതരുടെ നിരീക്ഷണമുള്ളതും മറ്റൊരു കാരണമാണ്. ഉച്ചക്കുശേഷം പല ഭാഗത്തും മഴ കനത്തതും ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കാരണമായി.എന്നാൽ, സാധാരണ മഴ വരുമ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ കണ്ട് വരുന്ന തിരക്ക് ഈ വർഷം അനുഭവപ്പെട്ടില്ല.
സാധാരണ കാലാവസ്ഥാ വ്യതിയാനമുണ്ടാവുമ്പോൾ ഭക്ഷ്യ വസ്തുക്കളും വെള്ളവും മറ്റും വാങ്ങി കരുതി വെക്കാറുണ്ട്. അരി അടക്കമുള്ള അവശ്യ വസ്തുക്കളാണ് പലരും വാങ്ങി സൂക്ഷിച്ച് വെക്കുന്നത്. മെഴുകുതിരി, തീപ്പെട്ടി തുടങ്ങിയവയും വാങ്ങി ക്കൂട്ടുന്ന ഇനത്തിൽ ഉൾപ്പെടുന്നു. ജല വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ വെള്ളം പിടിച്ച് വെക്കുന്നവരുമുണ്ടായിരുന്നു. മഴ കൂടുകയാണെങ്കിൽ വൈദ്യുതിയും വെള്ളവും മുടങ്ങാൻ സാധ്യതയുണ്ടെന്ന ഭീതിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ഈ രീതിയിലുള്ള തിരക്കൊന്നും വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നില്ല. ഏതായാലും മഴ അവധി വീട്ടിലിരുന്നു തന്നെയാണ് ബഹൂഭൂരിപക്ഷവും ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.