പൊതു അവധി തുടങ്ങി: പെരുന്നാൾ തിരക്കിലേക്ക് നാടും നഗരവും
text_fieldsമസ്കത്ത്: ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി രാജ്യത്ത് തുടങ്ങി. ഏപ്രിൽ 13വരെയണ് അവധി നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങൾ കുറവാണ്. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് ഈ വര്ഷം ഒഴിവ് ലഭിക്കുക. അവധിദിനങ്ങൾ തുടങ്ങിയതോടെ രാജ്യം പെരുന്നാൾ തിരക്കിലേക്ക് നടന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമടക്കമുള്ളവർ അവസാനവട്ട ഒരുക്കത്തിലായിരുന്നു.
മസ്കത്ത്, സൂർ, സലാല തുടങ്ങി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിന് വസ്ത്രങ്ങൾവാങ്ങുന്നത് ആഴ്ചകൾക്കുമുമ്പേ തുടങ്ങിയിരുന്നുവെങ്കിലും ചിലരൊക്കെ അവസാന ദിനങ്ങളിലേക്ക് മാറ്റിവെച്ചിരുന്നു. ഇവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഷോപ്പിങ് മാളുകളിലും മറ്റ് വസ്ത്ര വ്യാപാര കടകളിലുമൊക്കെയായി എത്തിയത്. പരമ്പരാഗത സൂഖുകളിലേക്കും ഹബ്തമാർക്കറ്റുകളിലേക്കും ആളുകൾ കൂട്ടത്തോടെയാണ് ഒഴുകുന്നത്. പരമ്പരാഗത ഉൽപന്നങ്ങളും പെരുന്നാൾ വിഭവങ്ങളുണ്ടാക്കാനുള്ള വസ്തുക്കളൊക്കെയായിരുന്നു സ്വദേശികൾ വാരിക്കൂട്ടിയത്. മിക്ക ഹബ്ത മാർക്കറ്റുകളിലും ആടുകളും മാടുകളും നല്ല രീതിയിൽ വിറ്റഴിഞ്ഞുപോകുകയും ചെയ്തു.
അതേസമയം, അവധി കുറഞ്ഞതിനാൽ ഒമാനിൽനിന്ന് പുറത്തേക്കുള്ള യാത്രകൾ കുറയും. സ്വദേശികളും ഇത്തവണ യാത്രകൾ കുറക്കും. സാധാരണ സ്വദേശികൾ ഒന്നാം പെരുന്നാളിൽ സ്വന്തം വീട്ടിലും രണ്ടാം പെരുന്നാളിൽ എല്ലാ കുടുംബാഗങ്ങളോടൊപ്പം തറവാട് വീട്ടിലുമായിരിക്കും പെരുന്നാൾ ആഘോഷിക്കുക. ഇത് കഴിഞ്ഞാൽ ഒരു ദിവസം മാത്രമാണ് അവധി ലഭിക്കുന്നത്.
അതിനാൽ പലരും പുറത്തേക്കുള്ള യാത്രകൾ കുറക്കും. ഇത് ദുബൈ അടക്കമുള്ള അയൽ രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് കുറയാൻ കാരണമാക്കും. പുറത്ത് പോകുന്നവരുടെ എണ്ണം കുറവായതിനാൽ ഒമാനിലെ എല്ലാ വിനോദ സഞ്ചാര മേഖലകളിലും തിരക്ക് വർധിക്കും. പ്രധാന ബീച്ചുകളിലും പാർക്കുകളിലും നല്ല തിരക്ക് അനുഭവപ്പെടും.
സംഘടനകളും കൂട്ടായ്മകളും ഈദ് സംഗമങ്ങളും ആഘോഷ പരിപാടികളും പിക്നിക്കുകളും സംഘടിപ്പിക്കുന്നുണ്ട്. ഏതായാലും അവധി കുറഞ്ഞത് ഒമാനിലെ ആഭ്യന്തര വിനോദ സഞ്ചാര മേഖലക്ക് അനുഗ്രഹമാവും. വിവിധ ഇടങ്ങളിലായി പെരുന്നാളിനെത്തുന്ന സഞ്ചാരികളെ മുന്നിൽക്കണ്ട് വിപുലമായ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ മൃഗശാല സഞ്ചാരികൾക്ക് രണ്ടാം പെരുന്നാളിന് തുറന്നുകൊടുക്കും. ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഓൺലൈൻ ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വാദികബീർ ഫ്രൈഡേ മാർക്കറ്റിൽനിന്നുള്ള കാഴ്ച -സുഹാന ഷെമീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.