പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsമസ്കത്ത്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ ആദ്യ കൺവെൻഷൻ മസ്കത്തിൽ സേവ് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ നടന്നു. ചാണ്ടി ഉമ്മന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ പ്രവാസലോകത്തുനിന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ നേരിട്ട് മണ്ഡലത്തിൽ എത്തിയും നടത്തേണ്ട പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളുടെ ചാർജുകൾ കോട്ടയം ജില്ലയിൽനിന്നുള്ള നാഷനൽ കമ്മിറ്റി അംഗങ്ങൾക്ക് നൽകി. അതത് പഞ്ചായത്തിലെ ഒമാനിൽ നിന്നുള്ള പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാനും കഴിയുന്നവർക്ക് നാട്ടിൽ പോകാനുള്ള അവസരം ഒരുക്കാനും ചാർജുള്ള അംഗങ്ങൾക്ക് നിർദേശം നൽകി. അതോടൊപ്പം നാട്ടിൽ പോകാൻ സാധിക്കാത്തവരുടെ കുടുംബത്തിലെ അംഗങ്ങളുടെ വോട്ടവകാശം ചാണ്ടി ഉമ്മന് അനുകൂലമാക്കാൻ ശ്രമിക്കാനും യോഗം തീരുമാനിച്ചു. സർക്കാറിന്റെ ഭരണ പരാജയത്തിന് ഷോക്ക് ട്രീറ്റ്മെന്റായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് അനീഷ് കടവിൽ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി ഷഹീർ അഞ്ചൽ, പഞ്ചായത്തുകളിലേക്കായി കോട്ടയം ജില്ലയിൽ നിന്നുള്ള ജിജോ കടന്തോട്ട്, പ്രിട്ടോ സാമുവൽ, ഹരിലാൽ വൈക്കം, മനോജ് ഇട്ടി തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം ഉപദേശക സമിതി ചെയർമാൻ ഹൈദ്രോസ് പുതുവനയും നന്ദി ട്രഷറർ സതീഷ് കണ്ണൂരും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.