ഖത്തർ ലോകകപ്പ്: സുഹാറിൽ പരിശീലനത്തിനായി കാമറൂൺ
text_fieldsമസ്കത്ത്: ഖത്തർ ലോകകപ്പിന് മുന്നോടിയായി ഒമാനിൽ പരിശീലന ക്യാമ്പൊരുക്കാൻ കാമറൂൺ ടീം. ലോകകപ്പിന് തയാറെടുക്കാനുള്ള ക്യാമ്പിനായി ടീം ഔദ്യോഗിക അപേക്ഷ സമർപ്പിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ പരിശീലന ക്യാമ്പ് നടത്താൻ കാമറൂൺ ടീം ഔദ്യോഗിക അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സുഹാർ ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. നവംബർ 10 മുതൽ 19 വരെയാണ് ക്യാമ്പ്.
ഖത്തറിലേക്ക് യോഗ്യത നേടിയ ടീമുകൾക്ക് ഒമാനിൽ ക്യാമ്പ് നടത്താൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണമാണ് നടന്നുവരുന്നത്.
പരിശീലനത്തിനായി കൂടുതൽ ടീമുകളെ ആകർഷിക്കാൻ ഒമാൻ ഫുട്ബാൾ അസോസിയേഷനുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ടീമുകൾക്ക് പരിശീലനത്തിന് ഗുണകരമാകുന്ന അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യം ഒമാനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോച്ച് റിഗോബർട്ട് സോങ് നയിക്കുന്ന കാമറൂൺ ഈ ലോകകപ്പിൽ ഗ്രൂപ് ജിയിൽ ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ് എന്നിവരോടൊപ്പമാണുള്ളത്. ഗ്രൂപ്പിലുള്ള സെർബിയ, സ്വിറ്റ്സർലൻഡുമായി ടീം ഇതുവരെ ലോകകപ്പിൽ ഏറ്റുമുട്ടിയിട്ടില്ല.
1994ലും 2014ലും ബ്രസിലീനെതിരെ നടന്ന മത്സരത്തിൽ പരാജയമായിരുന്നു ഫലം. ടീമിന്റെ എട്ടാമത്തെ ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത്. 1990ലെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ് ലോകകപ്പിൽ ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.
2014ലാണ് അവസാനമായി ടീം ലോകകപ്പിൽ കളിച്ചത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ മാമാങ്കം. അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ ടീമുകൾ ഒമാനിൽ പരിശീലനത്തിനായി അപേക്ഷ സമർപ്പിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളും യാത്രാസൗകര്യവും ടീമുകളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ലോകകപ്പിന് മുന്നോടിയായി ഒമാൻ എയർ ഖത്തർ എയർവേസുമായി ചേർന്ന് ദിനേന 48 സർവിസ് നടത്താൻ ധാരണയായി.
ഖത്തറിന് സമാനാമായ കാലാവസ്ഥയാണ് ഒമാനിലും. ഇതും ടീമുകൾക്ക് പ്രേരണയാകുമെന്ന് ഫുട്ബാൾ മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.