ലോകകപ്പ്; ഒമാൻ വഴി ഖത്തറിലേക്ക് പറക്കുന്നവരുടെ എണ്ണം വർധിച്ചു
text_fieldsമസ്കത്ത്: ഒമാൻ എയറിന്റെ ലോകകപ്പ് വിമാന സർവിസുകൾ ഫുട്ബാൾ ആരാധകർക്ക് അനുഗ്രഹമാവുന്നു. ലോകകപ്പ് കാണാൻ ഖത്തറിൽ പോവുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഷട്ടിൽ സർവിസ് അടക്കമുള്ളവയാണ് ഒമാൻ എയർ ഒരുക്കിയിരിക്കുന്നത്. ഇത് കാരണം വിദേശ രാജ്യങ്ങളിൽനിന്ന് നിരവധി ഫുട്ബാൾ പ്രേമികളാണ് ഒമാൻ വഴി ഖത്തറിലേക്ക് പോവുന്നത്. ഇത്തരക്കാർക്ക് മറ്റ് നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒമാനിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളും താരതമ്യേന കുറവാണ്. സാധാരണ ക്ലാസിന് 49 റിയാലാണ് ഒമാൻ എയർ ഈടാക്കുന്നത്. ഇതോടെ വിമാനത്താവളത്തിൽ തിരക്കും വർധിച്ചു.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് പുറത്ത് ഒമാൻ എയറിന്റെ ലോകകപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ പ്രത്യേക ലോകകപ്പ് ചെക് ഇൻ കൗണ്ടറും പ്രത്യേക എമിഗ്രേഷൻ കൗണ്ടറും സ്ഥാപിച്ചത് യാത്ര ഏറെ ഗുണകരമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങളുടെ ആരാധകർ കൂട്ടമായി വിമാനത്താവളത്തിൽ ആഘോഷ പ്രതീതിയുണ്ടാക്കുന്നുണ്ട്. ശനിയാഴ്ച അർജൻറീന ടീമിന്റെ ആരാധകർ വിമാനത്താളത്തിലെത്തിയത് ഏറെ ആവേശം പകർത്തിയാണ്.
ആർപ്പ് വിളികളും മുദ്രാവാക്യങ്ങളുമൊക്കെയായി ടീം ജഴ്സിയണിഞ്ഞ് ഇവരെത്തിയത് മൊത്തം യാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ലോകകപ്പ് പാക്കേജിൽ എത്തുന്നവരെ വിമാനത്താവളത്തിൽ എത്തിക്കാനും തിരിച്ച് കൊണ്ടുവരാനുമൊക്കെ ഹോട്ടലുകളിൽനിന്ന് വാഹന സൗകര്യം അടക്കമുള്ളവയും ഒരുക്കിയിരുന്നു.
ഒമാൻ എയർ ഏറ്റവും കുറഞ്ഞ ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ നൽകിയതോടെ യു.എ.ഇയിൽനിന്ന് പോലും ഫുട്ബാൾ ആരാധകർ ഒമാൻ വഴി യാത്ര ചെയ്യുന്നുണ്ട്. യു.എ.ഇ.യിലെ ചില ഫുട്ബാൾ ആരാധകർ കാർ മാർഗം മസ്കത്തിലെത്തി സുഹൃത്തുക്കളുടെയും മറ്റും താമസയിടങ്ങൾക്ക് സമീപം വാഹനം നിർത്തി ഒമാൻ എയർ വഴി ലോകകപ്പ് കാണാൻ പോവുന്നവരുമുണ്ട്. ഇത്തരക്കാർ തിരിച്ച് ഒമാനിലെത്തി വാഹനവുമെടുത്താണ് തിരിച്ചു പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.