റഫീഖിന്റെ വേർപാട് മവേല മാർക്കറ്റിനെ കണ്ണീരിലാഴ്ത്തി
text_fieldsമസ്കത്ത്: വാഹനാപകടത്തിൽ മരിച്ച കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി റഫീഖിന്റെ വേർപാട് മവേല മാർക്കറ്റിലെ മലയാളികൾ അടക്കമുള്ളവരെ കണ്ണീരിലാഴ്ത്തി. 11 വർഷമായി സെൻട്രൽ മാർക്കറ്റിലെ പ്രമുഖ പച്ചക്കറി പഴം ഇറക്കുമതി സ്ഥാപനമായ സൂഹൂൽ അൽ ഫൈഹയിൽ സെയിൽസ് സൂപ്പർവൈസർ, പർച്ചേസ് മനേജർ തുടങ്ങിയ തസ്തികകൾ വഹിക്കുന്ന റഫീഖ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. പരിചയപ്പെട്ടവരോടെല്ലാം ഏറെ അടുത്ത് പെരുമാറുന്ന ഇദ്ദേഹം ഇന്നേവരെ ആരോടെങ്കിലും കയർത്ത് സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ആരെന്ത് പറഞ്ഞാലും മറുത്തൊന്നും പറയുന്ന സ്വഭവക്കാരനായിരുന്നില്ല.
കമ്പനിയിൽ 11 വർഷം മുമ്പ് കയറ്റിറക്ക് തൊഴിലാളിയായാണ് ജോലിക്കെത്തുന്നത്. പ്ലസ്ടു വിദ്യാഭ്യാസം മാത്രം യോഗ്യതയുള്ള റഫീഖ് പതിയെ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. കഠനിന്വാധ്വാനവും വിശ്വസ്തതയും കാരണം കമ്പനിയുടെ മനേജർ തസ്തികയിലേക്ക് ഉയരുകയായിരുന്നു.
ജോലിയിൽ അദ്ദേഹം ആത്മാർഥത ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്ന റഫീഖിന്റെ വേർപാട് സ്ഥാപനത്തിന് തീരാ നഷ്ടമാണെന്നാണ് അധികൃതർ പറയുന്നത്. സ്ഥാപനം നടത്തുന്ന എല്ലാ പരിപാടികളിലും അദ്ദേഹം മുൻപന്തിയിൽ ഉണ്ടാവുമായിരുന്നു. മരിക്കുന്നതിന് തലേ ദിവസം നടന്ന മെഗാ നോമ്പ്തുറയിലും അദ്ദേഹം ഓടി നടന്ന് സേവനങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഇഫ്താർ ഭക്ഷ്യവിഭവങ്ങൾ പാക്ക് ചെയ്യുന്ന ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്.
അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ കാണാൻ അടുത്ത മാസം നാട്ടിൽ പോവാനിരിക്കെയാണ് റഫീഖിന്റെ വേർപാട്. മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കി. റഫീഖിന്റെ ഭാര്യ ശഹാന റഫീഖിനൊപ്പം ഒമാനിലുണ്ടായിരുന്നു. ഇവർ രണ്ടാം കുഞ്ഞിനെ പ്രസവിക്കാൻ നാട്ടിൽ പോവുകയയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.