രാഹുൽ ഗാന്ധി വീണ്ടും ജനഹൃദയങ്ങളിലേക്കിറങ്ങുമ്പോള്‍....
text_fields‘ജനങ്ങള്‍ക്ക് അര്‍ഹമായ നീതി ലഭിക്കുംവരെ എല്ലാ വാതിലുകളും തങ്ങള്‍ മുട്ടും, കഷ്ടപ്പെടരുത്, പേടിക്കരുത്’.... ചേര്‍ത്തുപിടിക്കലിന്റെ, കരുത്തുപകരലിന്റെ സുന്തരമായ പൊന്‍പുലരികളുടെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന വരികള്‍ പാടി ഇന്ത്യന്‍ ജനതയുടെ മനസ്സുകള്‍ കീഴടക്കാന്‍ ഭാരത് ജോഡോ ന്യായ യാത്രയുമായി ഭാരതത്തിന്റെ വിരിമാറിലേക്ക് വീണ്ടും കാല്‍പ്പാദമൂന്നുകയാണ് രാഹുല്‍ ഗാന്ധി.
67 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലായി 6,713 കിലോമീറ്റര്‍ താണ്ടിയുള്ള യാത്രയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയിലെ കോടിക്കണക്കിന് ജനാധിപത്യ, മതേതര സമൂഹം.
ജനങ്ങളിലേക്ക് രാഹുല്‍ ഗാന്ധിയെന്ന പ്രത്യാശയുടെ മുഖം ഇറങ്ങിവരുമ്പോള്‍ പുതു ചരിതങ്ങള്‍ രചിക്കപ്പെടുമെന്നുറപ്പാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കാന്‍ കാത്തിരിക്കുകയാണ് പടിഞ്ഞാറേ ഇന്ത്യയിലെ ജനങ്ങള്‍.
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം എല്ലാവിധ ജനവിഭാഗങ്ങളും അണിചേരുകയും രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍ നേരുകയും ചെയ്തുവെന്നത് തന്നെയായിരുന്നു ഒന്നാം ഭാരത് ജോഡോ യാത്രയുടെ വിജയം.
രാഹുലിന്റെ ഓരോ കാലടികളും തങ്ങള്‍ക്കും ഭാവി തലമുറക്കും കൂടി വേണ്ടിയാണെന്ന ബോധ്യമാണ് കോടിക്കണക്കിന് ആളുകളെ യാത്രയില്‍ അണിനിരക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറന്ന യാത്രയുടെ രണ്ടാം പതിപ്പും അതുകൊണ്ട് തന്നെയാണ് ഇന്ത്യയാകെയും കാത്തിരുന്നത്.
പല മതങ്ങളും ഭാഷയും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്ര കാരണമായെന്നതിന് നിരവധി സംഭവങ്ങള്‍ സാക്ഷിയായി. 2023 ജനുവരി 30ന് ഭാരത് ജോഡോ യാത്രയുടെ സമാപനദിനത്തില്‍ ശ്രീനഗറിലെ ശേരി കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കനത്ത മഞ്ഞുവീഴ്ച്ചക്കിടിയില്‍ നടത്തിയ പ്രസംഗത്തില്‍ വികാരാധീതനായി രാഹുലിന്റെ ശബ്ദം പലപ്പോഴും ഇടറുന്നുണ്ടായിരുന്നു.
ഈ രാജ്യം സുന്ദരമായി ഇനിയുമേറെ കാലം നിലനില്‍ക്കണമെന്ന് 142.86 കോടിയല്‍ പരം വരുന്ന ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് ജോഡോ ന്യായ യാത്രയുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വീണ്ടും ജനഹൃദയങ്ങളിലേക്കിറങ്ങുമ്പേള്‍ പ്രതീക്ഷകള്‍ ഏറെയുണ്ട്. ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള പ്രധാന രാഷ്ട്രീയ പദ്ധതിയായി യാത്ര മാറുമെന്നതില്‍ സംശയമില്ല. രാജ്യത്ത് സമാധാനവും സൗഹാര്‍ദവും കാംക്ഷിക്കുന്ന പൗരന്‍മാരും മതേതര, രാഷ്ട്രീയ സംഘടനകളും രണ്ടാം യാത്രയിലും അണിനിരക്കും. വിദ്വേഷ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തിന് അവര്‍ ഇപ്പോഴും കോണ്‍ഗ്രസിനെ വിശ്വസിനീയവും മികച്ചതുമായ ബദലായി കണക്കാക്കുന്നു.
കോണ്‍ഗ്രസ് വളരുന്നതും മതേതര ചേരിക്ക് നേതൃത്വം കൊടുക്കുന്നതും സ്വപ്‌നം കാണുന്ന വലിയൊരു സമൂഹമുണ്ട്. അവരെ നാം നിരാശരാക്കിക്കൂടാ.. വിദ്വേഷവും ആക്രമണവും അരാജകത്വും അസഹിഷ്ണുതയും വിവേചനവും നിറഞ്ഞ മോദിയുടെ രാഷ്ട്രീയത്തെ വിവേഗത്തോടെ നേരിടാന്‍ ധൈര്യം കാണിച്ച ഒരേയൊരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയില്‍നിന്നും ഇനിയും ഏറെ ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നു. ഇന്ത്യ എന്തായിരിക്കണം എന്നതിനെ കുറിച്ചുള്ള ബദല്‍ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ ഭാരത് ജോഡോ ന്യായ യാത്രയും വഴിയൊരുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.