രാഹുൽ ഗാന്ധി: സുപ്രീംകോടതിവിധിയിൽ പ്രവാസലോകത്തും ആഹ്ലാദം
text_fieldsമസ്കത്ത്: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച സുപ്രീംകോടതിവിധിയെ മസ്കത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സ്വാഗതംചെയ്തു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മനോഹാരിത ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമാണെന്നും എന്നാൽ കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളെയും എതിർ പാർട്ടികളെയും നിശ്ശബ്ദരാക്കാൻ നടത്തുന്ന ശ്രമത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്നും ഒ.ഐ.സി.സി ഒമാൻ ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലയ്ക്കൽ അഭിപ്രായപ്പെട്ടു. മതേതരത്വം, ജനാധിപത്യം, ബഹുസ്വരത ഇവ നിലനിർത്താൻ രാഹുൽ ഗാന്ധി നടത്തുന്ന എല്ലാ ജനാധിപത്യ പോരാട്ടത്തിനും എല്ലാ വിധ പിന്തുണയും നൽകുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
മോദി സർക്കാറിന് കിട്ടുന്ന ഒാരോ തിരിച്ചടിയിലും സന്തോഷമുണ്ടെന്നും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് രാഷ്ട്രീയ ഭേദമില്ലാതെ പിന്തുണ നൽകുമെന്നും സാമൂഹിക പ്രവർത്തകൻ സന്തോഷ് കുമാർ പറഞ്ഞു.ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ നിലനിൽക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ ഇല്ലാതാക്കാൻ നരേന്ദ്ര മോദി -അമിത് ഷാ കൂട്ടുകെട്ട് നടത്തിയ ഗൂഢാലോചന ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനു മുന്നിൽ ഇല്ലാതായെന്നും സേവ് ഒ.ഐ.സി.സി പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ആത്മവിശ്വാസം പകരുന്ന ഒന്നാണെന്നും തികച്ചും രാഷ്ട്രീയപ്രേരിതമായി എതിരാളികളെ നിശ്ശബ്ദരാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഹീനമായ നീക്കത്തിനേറ്റ തിരിച്ചടിയാണെന്ന് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ യൂസുഫ് അഭിപ്രായപ്പെട്ടു.
പാർലമെന്റിനകത്തും പുറത്തും തന്നെ നിശ്ശബ്ദമാക്കാനോ ഇല്ലാതാക്കാനോ കഴിയില്ല എന്നുള്ള രാഹുൽ ഗാന്ധിയുടെ ഉറച്ച തീരുമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ വിധിയെന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ ഷമീർ അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ കരുത്തുപകരാൻ ഈ വിധി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.