വരുന്നു, മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഒമാനിൽനിന്ന് അബൂദബിയിലേക്ക് റെയിൽ പാത
text_fieldsമസ്കത്ത്: യു.എ.ഇ-ഒമാൻ രാജ്യങ്ങളുടെ ഗതാഗത മേഖലക്ക് കുതിപ്പേക്കി സുഹാർ-അബൂദബി റെയിൽ പാത വരുന്നു. സുഹാർ തുറമുഖത്തെ യു.എ.ഇ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് കരാറിൽ ഒപ്പുവെച്ചു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്.
ഏകദേശം 1.160 ശതകോടി റിയാൽ ചിലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിക്കും. യാത്രാ, ചരക്ക് സേവനങ്ങൾ നൽകുന്നതിനായി 303 കി.മീറ്റർ ദുരത്തിലാണ് പദ്ധതി ഒരുക്കുക. ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിച്ചായിരിക്കും നിർമാണം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയായിരിക്കും പാസഞ്ചർ ട്രെയിനുണ്ടാകുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത റെയിൽവേ പദ്ധതി തന്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് അസദ് ഗ്രൂപ്പിന്റെ സി.ഇ.ഒ എൻജിനീയർ അബ്ദുൽ റഹ്മാൻ ബിൻ സലേം അൽ ഹാത്മി പറഞ്ഞു.
ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം ഇരു രാജ്യങ്ങളിലെ ആളുകളെയും വ്യാവസായിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. ലോജിസ്റ്റിക് മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനും യു.എ.ഇയും തമ്മിലുള്ള ദൃഢമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ കരാർ മാറുമെന്ന് ഇത്തിഹാദ് റെയിൽ സി.ഇ.ഒ ഷാദി മാലക് പറഞ്ഞു.
യു.എ.ഇ റെയിൽവേ ശൃംഖലയെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രാദേശിക തലങ്ങളിൽ വ്യാപാരം സുഗമമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.