റെയിൽവേ പദ്ധതികൾ ട്രാക്കിൽ -ഗതാഗത മന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുളള റെയിൽവേ പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാർഷിക വാർത്ത സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ മസ്കത്ത് മെട്രോക്കുള്ള കൺസൾട്ടൻസി പഠനം ഈ വർഷം പൂർത്തിയാകും.
100 കോടി റിയാൽ മുതൽമുടക്കിൽ നിർമിക്കുന്ന മെട്രോ ലൈനിന് 55 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. വരാനിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയിലേക്കുള്ള കണക്ടിവിറ്റി ഉൾപ്പെടെ 42 പാസഞ്ചർ സ്റ്റേഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഠനം പൂർത്തിയാക്കിയ ശേഷം മസ്കത്ത് മെട്രോയുടെ കാര്യത്തിൽ ഈ വർഷംതന്നെ തീരുമാനമുണ്ടാകുമെന്ന് ഗതാഗത, വാർത്ത, വിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് ബിൻ സഈദ് അൽ മാവാലി പറഞ്ഞു. കഴിഞ്ഞ വർഷം മസ്കത്ത് മെട്രോയുടെ ആദ്യ കൺസൾട്ടൻസി പഠനത്തിന് (ഘട്ടം 1 പ്രീ-ഫീസിബിലിറ്റി ഔട് ലൈൻ) ടെൻഡറുകൾ ക്ഷണിച്ചിരുന്നു.
ഭവന, നഗരാസൂത്രണ മന്ത്രാലയം ഗ്രേറ്റർ മസ്കത്ത് വികസന പദ്ധതി ആരംഭിക്കുമ്പോൾ പൊതുഗതാഗത സംവിധാന നവീകരണം നിർണായകമാകും. വർധിച്ചുവരുന്ന ഭാവി ജനസംഖ്യയെ ഉൾക്കൊള്ളുക, നിക്ഷേപം ആകർഷിക്കുക, ഗതാഗതം വികസിപ്പിക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് ഗ്രേറ്റർ മസ്കത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന സ്ഥലങ്ങൾക്കിടയിൽ അതിവേഗ കണക്ഷനുകൾ നൽകി തലസ്ഥാന നഗരിയിലെത്തുന്ന സന്ദർശകരുൾപ്പെടെയുള്ളവരുടെ യാത്ര സുഗമമാക്കുക, റോഡുകളിലെ തിരക്ക് കുറക്കുക, ഭാവിയിൽ റോഡുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത കുറക്കുക എന്നിവയുൾപ്പെടെ മസ്കത്ത് മെട്രോ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
സുഹാർ-അബൂദബി അന്താരാഷ്ട്ര റെയിൽവേ ലൈൻ ഈ വർഷം തന്നെ നിർവഹണ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള റെയിൽ ഗതാഗതത്തിന് ടെൻഡറുകൾ നൽകും. റെയിൽവേ പദ്ധതി ബാധിച്ച 3,367 പേർക്ക് ഭവന, നഗരാസൂത്രണ മന്ത്രാലയം 2023ൽ നഷ്ടപരിഹാരം നൽകി. ഒമാനും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ബന്ധം സംബന്ധിച്ച പഠനവും ഈ വർഷം പൂർത്തിയാകും. റെയിൽവേ നിയമത്തിന്റെ കരട് തയാറാക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.