മഴ: കാർ വാദിയിലെ ഒഴുക്കിൽപ്പെട്ട് ഒരുമരണം
text_fieldsമസ്കത്ത്: കനത്തമഴയെത്തുടർന്ന് നിറഞ്ഞൊഴുകിയ വാദിയിൽ കാറകപ്പെട്ട് കുട്ടി മരിച്ചു. അഞ്ചുപേരടങ്ങിയ കുടുംബം സഞ്ചരിച്ച കാറാണ് ഇസ്കി-സിനാവ് റോഡിലെ ആൻഡം വാദിയിലെ ഒഴുക്കിലകപ്പെട്ടതെന്ന് ഒമാൻ റോയൽ പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന കുട്ടി വെള്ളത്തിലകപ്പെടുകയും പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. നാലുപേരെ രക്ഷപ്പെടുത്തിയതായും അവരെ ചികിത്സക്കായി ഇബ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മഴതുടർന്നുകൊണ്ടിരിക്കായാണ്. ആഗസ്റ്റ് അഞ്ചിനും ഏഴിനുമിടയിൽ അറിബിക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നായിരുന്നു സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാർമേഘങ്ങൾ ദൃശ്യമായിരുന്നു. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ മഴയും മിന്നലും പൊടിക്കാറ്റുമുണ്ടാവുമെന്നും വാദികൾ നിറഞ്ഞൊഴുകുമെന്നും വെള്ളപ്പൊക്ക സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ദോഫാർ ഗവർണറേറ്റിലെ തീരദേശങ്ങളിലും, സൗത്ത് അൽ ബാത്തിന, അൽ ദഖിലിയ, നോർത്ത് അൽ ബാത്തിന, അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ഷർഖിയ, മുസന്ദം എന്നി ഗവർണറേറ്റുകളിൽ 15 മുതൽ 45 മില്ലിമീറ്റർ വരെ തീവ്രതയുള്ള മഴക്കും മിന്നലിനും സാധ്യത കൽപ്പിക്കുന്നുണ്ട്.
ഗവർണറേറ്റുകളിൽ മഴമേഘങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും ജാഗ്രതപാലിക്കണമെന്നും സിവിൽ ഏവിയേഷൻ കാലാവസ്ഥ നിരീക്ഷക ഐഷ ബിൻത് ജുമാ അൽ ഖാസിമി ചൊവ്വാഴ്ച പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയാൻ സാധ്യതയുണ്ടെന്നും വാഹനങ്ങൾക്ക് ദൃശ്യത കുറയുമെന്നും ജാഗ്രതപാലിക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.