മഴക്ക് ശമനം; ആശ്വാസം
text_fieldsമസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദ്ദത്തിന്റെ ഭാഗാമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ പെയ്ത മഴക്ക് ശമനമായി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിന്റെ ആശ്വാസത്തിലാണ് ഒമാനിലെ സ്വദേശികളും പ്രവാസികളും. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ഗവർണറേറ്റിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്.
കാലാവസ്ഥ ദുർബലമായതിനാൽ ഗവർണറേറ്റുകളിലെ ഉപ കമ്മിറ്റികൾ ഉൾപ്പെടെ നാഷനൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പുകളുമായി ഏകോപിച്ച് റോഡിലെ തടസ്സങ്ങളും മണ്ണും കല്ലും മറ്റും അധികൃതർ നീക്കി തുടങ്ങിയിട്ടുണ്ട്. മഴയിൽ ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു.
വാദികളിൽ കുടുങ്ങിയ നിരവധിപേരരെ രക്ഷപ്പെടുത്തുകയും ചെയ്തു. മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകിയിരുന്നു. ബൗഷർ, സീബ്, റൂവി, സുർ, അൽ കാമിൽ, അൽ വാഫി, ജഅലാൻ ബാനി ബു ഹസൻ, ജഅലാൻ ബാനി ബു അലി, മസീറ, അഷ്കറ, ഖൽഹാത്ത്, മസ്കത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലാണ് . മൂന്നു ദിവസങ്ങളിലാണ് സൂറിൽ 215 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കൃഷി ഫിഷറീസ് ജല വിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത് 170 മി.മീ, മസ്കത്ത് വിലായത്ത് 100 മി.മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.
വടക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലി 94, മസ്കത്ത് ഗവർണറേറ്റിലെ മത്ര 68, വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദിമാ വത്തയാൻ 52, വാദി ബാനി ഖാലിദ് 33, തെക്കൻ ശർഖിയ ഗവർറേറ്റിലെ മസീറ 31, മസ്കത്ത് ഗവർണറേറ്റിലെ അമീറാത്തിൽ 27 മില്ലിമീറ്റർ മഴയും ലഭിച്ചു. മഴ ബാധിത പ്രദേശങ്ങൾ മസ്കത്ത് ഗവർണറേറ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഖുറിയാത്ത് വാലി, മസ്കത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ, മറ്റു ഉദ്യോഗസ്ഥർ എന്നിവരാണ് മഴക്കെടുതികൾ മനസ്സിലാക്കാനായി സന്ദർശനം നടത്തിയത്.
അൽ സഹേൽ വില്ലേജ്, ഹെയിൽ അൽ ഗാഫ് വില്ലേജ്, ഫാമുകൾ, മറ്റു നിരവധി സൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിായിരുന്നു ഉദ്യോഗസ്ഥ സംഘം എത്തിയത്. റോഡുകൾ തുറക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധികൃതർ വിലയിരുത്തി. അതേസമയം, ചൊവ്വാഴ്ച രാത്രി മസ്കത്തടക്കമുള്ള ഒമാന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയായിരുന്നു.
രാത്രി പത്ത് മണിയോടെ തുടങ്ങിയ മഴ പുലർച്ചയോളം പലയിടത്തും നീണ്ടുനിന്നു. റോഡുകളിൽ മറ്റും വെള്ളം കയറുകയും ചെയ്തു. മത്ര സൂഖിലടക്കം വെള്ളം കയറി മലയാളികളടക്കമുള്ള കടകളിൽ കനത്ത നാശമാണുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വിവിധ ഗവർണറേറ്റുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജഗ്രതപാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.