മഴ: ജാഗ്രത
text_fieldsമസ്കത്ത്: രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് വേണ്ട മുന്നൊരുക്കങ്ങളുമായി അധികൃതർ. ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഉപ കമ്മിറ്റികളുടെ പ്രവർത്തനം വിവിധ ഗവർണറേറ്റുകളിൽ സജീവമാക്കി. മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് വീണ്ടും ഉപ കമ്മിറ്റികൾ സജീവമാക്കിയത്. കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിച്ചിവരുകയാണെന്നും മുന്നൊരുക്കം നടത്തിയതായും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. ന്യൂനമർദത്തെ തുടർന്നുണ്ടാകുന്ന സാഹചര്യങ്ങളെയും മറ്റും നേരിടാനായി മെഡിക്കൽ റെസ്‌പോൺസും പൊതുജനാരോഗ്യ മേഖലയും പദ്ധതി തയാറാക്കി. ദുരിതബാധിത ഗവർണറേറ്റുകളിൽ സേവനങ്ങളടക്കം ഉറപ്പാക്കും. മഴ ബാധിക്കുന്ന ഗവർണറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഉചിതമായ നടപടി സ്വീകരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും നിർദേശം നൽകിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബാദി ഒമാൻ വാർത്ത ഏജൻസിയോട് (ഒ.എൻ.എ) പറഞ്ഞു. മെഡിക്കൽ ഉദ്യോഗസ്ഥർ, മരുന്നുകൾ തുടങ്ങിയവയുടെ സേവനവും ലഭ്യമാക്കും. ആവശ്യമെങ്കിൽ മറ്റു മേഖലകളുമായി സഹകരിച്ച് സ്ഥാപനങ്ങൾക്ക് ജീവനക്കാരെയും നൽകും. വൈദ്യുതി മുടക്കം, വെള്ള തടസ്സങ്ങൾ, ചോർച്ച എന്നിവ കൈകാര്യം ചെയ്യാൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക്-തെക്ക് ശർഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവർണറേറ്റുകളിലും അൽഹജർ പർവത നിരകളിലുമാണ് കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക് സാധ്യത. വിവിധ പ്രദേശങ്ങളിൽ 20 മുതൽ 100 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്‍റെ വേഗത. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. നിറഞ്ഞൊഴുകുന്ന വാദികൾ മുറിച്ച് കടക്കരുതെന്നും സി.എ.എ നിർദേശം നൽകി. ഭൂരിഭാഗം തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാലു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കടലിൽ പോകരുതെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വിവരങ്ങൾക്കായി വിവിധ അതോറിറ്റികൾ പുറപ്പെടുവിക്കുന്ന ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്നും നിർദേശിച്ചു. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്‍റെ വ്യാപന ഫലമായാണ് സുൽത്താനേറ്റിൽ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.