മഴ: ശുചീകരണവുമായി മുനിസിപ്പാലിറ്റികൾ
text_fieldsമസ്കത്ത്: കനത്തമഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. തെക്കൻ ബാത്തിന, മസ്കത്ത് മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണയജ്ഞം. റോഡുകളിൽ അടിഞ്ഞുകൂടിയ കല്ലുകളും മറ്റും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു നീക്കിയത്.
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുനിന്ന് ഒഴുകിപ്പോകാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു. വെള്ളം താഴ്ന്ന ഇടങ്ങളിലെല്ലാം ഊർജിതമായ ശുചീകരണ പ്രവർത്തനങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ നടന്നത്. റോഡുകളിലെ ചളിയും കല്ലുമെല്ലാം മുനിസിപ്പാലിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ നീക്കി ഗതാഗതയോഗ്യമാക്കുകയും ചെയ്തു. ന്യൂനമർദത്തെ തുടർന്ന് ഡിസംബർ 26, 27, 28 തീയതികളിലായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി.
റോഡുകളിൽ വെള്ളം കയറി നേരിയതോതിൽ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. മസ്കത്ത് ഗവർണറേറ്റിലെ മത്രവിലായത്തിൽ ചൊവ്വാഴ്ച ഏതാനും മണിക്കൂറുകൾക്കുള്ളിൽ 153 മില്ലിമീറ്റർ മഴയാണ് പെയ്തത്. മസ്കത്ത് -113, സീബ് 77 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിൽ -49, മുസന്ന 28, മുസന്ദത്തെ ബുഖ 26, തെക്കൻ ബാത്തിനയിലെ നഖൽ മസളകത്തിലെ ബൗശർ 25 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴ.
ശുചീകരണത്തിൽ പങ്കാളിയായി ‘കൈരളി ഒമാൻ’
മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിന് സമീപത്തെ റോഡുകളിൽ അടിഞ്ഞുകൂടിയ ചളിയും ചരലും നീക്കംചെയ്ത് ‘കൈരളി ഒമാൻ’ പ്രവർത്തകർ. വെള്ളിയാഴ്ച രാവിലെ മുതൽ നിരവധി കൈരളി പ്രവർത്തകരാണ് സ്കൂൾ പരിസരത്ത് ശുചീകരണപ്രവൃത്തികളിൽ ഏർപ്പെട്ടത്.
ശഹീൻ ചുഴലിക്കാറ്റിന്റെ സമയത്തും കൈരളി ഒമാൻ പ്രവർത്തകർ ബാത്തിന മേഖലയിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നു. സ്വദേശികളടക്കം നിരവധിപേർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.