ഒമാനിൽ കനത്ത മഴ തുടരുന്നു; മരണം 14 ആയി
text_fieldsഒമാനിൽ കനത്ത മഴ തുടരുന്നു; മരണം 15 ആയി
മസ്കത്ത്: ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും തുടരുന്നു. വാദിയിൽ അകപ്പെട്ടയാളുടെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ കണ്ടെത്തി. ഇതോടെ മഴ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 15 ആയി. ശക്തമായ മഴയിലും തുടർന്നുണ്ടായ വാദിയിലും അകപ്പെട്ട് മലയാളിയുൾപ്പെടെ ഞായറാഴ്ച 12പേർ മരിച്ചിരുന്നു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാര്‍ (55) ആണ് വടക്കൻ ശർഖിയ ഗവർണറേറ്റ് ബിദിയയിലെ സനയയ്യിൽ ഞായറാഴ്ച മരിച്ചത്. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. മരിച്ചവരിൽ പത്തുപേരും കുട്ടികളാണ്.
അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ന്യൂനമർദത്തിന്‍റെ പശ്ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്കാണ് സാക്ഷ്യം വഹിക്കുന്നത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുയാണെന്ന് അധികൃതർ വ്യക്തമാക്കി.
കനത്ത മഴയുടെ പശ്ചാതലത്തിൽ അൽവുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റുകളിൽ ചൊവ്വാഴ്യും സ്കൂളുകൾ അവധിയായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവന്നതാണെന്നും അധികൃതർ വ്യകതമാക്കി. തിങ്കളാഴ്ച മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കും അവധി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.