മഴ തുടരുന്നു: റോഡുകൾ തകർന്നു; ആളപായമില്ലെന്ന് സി.ഡി.എ.എ
text_fieldsമസ്കത്ത്: രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ചയും മഴ തുടർന്നു. വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ ആളപായമുണ്ടായില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം വന്ന സാഹചര്യത്തിൽ വാദികൾ കുത്തിയൊലിച്ച് ഒഴുകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സി.ഡി.എ.എ മുന്നറിയിപ്പ് നൽകി.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധത്തിൽ വാദികളിൽ സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, തെക്കൻ ബാതിന ഗവർണറേറ്റിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിൽ റോഡുകൾ തകർന്നു. അൽ അവാബി, അൽ റുസ്താഖ് വിലായത്തുകളിലാണ് റോഡുകൾ തകർന്നത്. ഫലജ് ബനി ഖസീർ ഫ്ലൈ ഓവർ, തഹബ് ഫ്ലൈ ഓവർ എന്നിവയിൽ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടാതിരിക്കാൻ അധികൃതർ ബദൽ സംവിധാനം ഏർപ്പെടുത്തി.
വൈദ്യുതി, ടെലിഫോൺ, ജലവിതരണ മേഖലകളിലെ തകരാറുകൾ പരിഹരിക്കാനുള്ള നടപടി എടുത്തിട്ടുണ്ടെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അണ്ടർ സെക്രട്ടറി ഡോ. അലി അമീർ അൽ ശിധാനി ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
അൽ അവാബിയിൽ വാദി ബനി ഖാറൂസ് കുത്തിയൊലിച്ചതിനെ തുടർന്നാണ് റോഡുകൾ തകർന്നത്. അൽ അവാബിയിലും റുസ്താഖിലും വാദിയോട് ചേർന്നുള്ള ചില വീടുകളിൽ വെള്ളം കയറി കേടുപാട് സംഭവിച്ചു. ഇവിടങ്ങളിലെ താമസക്കാർക്കായി മൂന്നിടങ്ങളിൽ അഭയകേന്ദ്രമൊരുക്കിയെന്ന് നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റിന്റെ (എൻ.സി.ഇ.എം) കോഓഡിനേറ്റർ ഹമൂദ് ബിൻ മുഹമ്മദ് അൽ മൻദഹിരി പറഞ്ഞു.
മഴ മൂലം ചില വിലായത്തുകളിൽ ടെലിഫോൺ ബന്ധം ഭാഗികമായി തകരാറിലായെന്ന് ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. തെക്കൻ ബാതിന, അൽ ദാഖിലിയ, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലെ ചില വിലായത്തുകളിലാണ് ടെലിഫോൺ ബന്ധം തകരാറിലായത്. ഇവിടങ്ങളിൽ ടെലി കമ്യൂണിക്കേഷൻ സേവനം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടികളെടുത്തെന്നും അതോറിറ്റി വ്യക്തമാക്കി.
അതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടുദിവസം കൂടി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അൽഹജർ പർവതനിരകൾക്ക് സമീപത്തും ദോഫാറിലെയും അൽ വുസ്തയിലെയും ചില മരുഭൂപ്രദേശങ്ങളിലും വടക്കൻ ബാതിന, തെക്കൻ ബാതിന, ദാഖിലിയ, ബുറൈമി, അൽ ദാഹിറ, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലും നാളെയും കൂടി മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് സി.ഡി.എ.എ അറിയിച്ചു. മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതിനാൽ മുസന്ദം ഗവർണറേറ്റിലെ സരൂജ് ഡാം നിറഞ്ഞു.
52 പേരെ വ്യോമമാർഗം രക്ഷിച്ചു
മസ്കത്ത്: കനത്ത മഴയിൽ വാദി ബനി ഔഫിൽ ഒറ്റപ്പെട്ടുപോയ 52 പൊലീസ് ഏവിയേഷൻ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഇവരെ അൽ അവാബി പൊലീസ് സ്റ്റേഷനിലെത്തിച്ച് മറ്റു കുടുംബാംഗങ്ങൾക്കൊപ്പം ചേർത്തു. വാദി ബനീ ഔഫിലെ ഒരു പ്രദേശത്ത് രോഗബാധിതയായിക്കിടന്നിരുന്ന പെൺകുട്ടിയെയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി ചികിത്സക്കായി മാറ്റി
ബഹ്ല താഴ്വരയിൽ നാലുവയസ്സുകാരി മുങ്ങിമരിച്ചു
മസ്കത്ത്: ബഹ്ല താഴ്വരയിലെ അരുവിയിൽ നാലുവയസ്സുകാരി മുങ്ങിമരിച്ചു. വാദി ബഹ്ലയിലെ വെള്ളക്കെട്ടിൽനിന്ന് കുട്ടിയുടെ മൃതദേഹം സ്വദേശി കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം ബഹ്ല താഴ്വരയിലെ അരുവിയിലെത്തിയ കുട്ടിയെ കാണാതാകുകയായിരുന്നു. ഇത്തരം സ്ഥലങ്ങളിൽ കുട്ടികളുമായി വരുമ്പോൾ അവരെ തനിച്ചാക്കരുതെന്ന് റോയൽ ഒമാൻ പൊലീസ് പൗരന്മാരെയും പ്രവാസികളെയും ഓർമിപ്പിച്ചു.
വാദികളിൽ രക്ഷാപ്രവർത്തനത്തിന് നിലയുറപ്പിച്ച സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോഗസ്ഥർ
മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതിനാൽ മുസന്ദം ഗവർണറേറ്റിലെ സരൂജ് ഡാം നിറഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.