മഴ: വാദികൾ നിറഞ്ഞൊഴുകി
text_fieldsമസ്കത്ത്: കനത്ത കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയുള്ള മഴ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറച്ചുകടക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ നിർദേശം നൽകി. വാദി ഖുറിയാത്ത്, ബഹ്ല, നിസ്വ, ദോഫാറിലെ ജബൽ പ്രദേശങ്ങൾ, മുദൈബി, ഇബ്രി, സമദ് ശാൻ, അൽ ഹംറ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു. രാവിലെ മുതൽക്കുതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് മഴ കരുത്താർജിക്കാൻ തുടങ്ങിയത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മറ്റങ്ങൾ വന്നിട്ടുണ്ട്. ശനിയാഴ്ചവരെ ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേ സമയം, ഇന്നത്തോടെ മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്. ശനിയാഴ്ച വിവിധ ഇടങ്ങളിൽ 10 മുതൽ 20 മില്ലിമീറ്റർവരെ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. 27-37 കീ.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. വേണ്ട മുൻ കരുതൽ നടപടികളെടുക്കണമെന്നും കടലിൽ പോകുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.