മഴക്ക് ശമനം; ശുചീകരണം ഊർജിതം
text_fieldsമസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് രാജ്യത്ത് ദിവസങ്ങളായി പെയ്തിരുന്ന മഴക്ക് നേരീയ ശമനം. ബുറൈമി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഇന്നലെയും മഴ പെയ്തു. രാവിലെ തുടങ്ങിയ മഴ പലയിടത്തും ഉച്ചവരെയും നീണ്ടു. അതേസമയം, മഴ വിട്ടുനിന്ന വിവിധ ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഊർജിതമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റോഡുകളിൽ പലയിടത്തും ചളിയും മണ്ണും അടിഞ്ഞുകിടക്കുന്നുണ്ട്. ചിലയിടങ്ങളിൽ വെള്ളവും കെട്ടിനിൽക്കുന്നുണ്ട്. ഇത് നീക്കാനുള്ള ഭഗീരഥ പ്രയത്നമാണ് നടക്കുന്നത്. ദിവസങ്ങൾക്കുമുമ്പു തന്നെ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കാലാവസ്ഥയുടെ ആഘാതങ്ങളെ നേരിടാൻ വലിയ ശ്രമമാണ് നടത്തുന്നതെന്ന് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ കുറഞ്ഞിട്ടുണ്ട്. തലസ്ഥാന നഗരിയായ മസ്കത്തടക്കമുള്ള ഗവർണറേറ്റിലെ നഗരങ്ങളിലെ ജീവിതം സാധാരണ നിലയിലായി. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. മസ്കത്ത് ഗവർണറേറ്റിൽ ചില സ്കൂളുകൾക്ക് ബുധനാഴ്ചയും സർക്കാർ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം റദ്ദാക്കിയ ബസ്, ഫെറി സർവിസുകൾ മുവാസലാത്ത് പുനരാരംഭിച്ചത് സാധാരണക്കാരായ യാത്രക്കാർക്ക് സഹായകമായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ കോരിച്ചൊരിഞ്ഞിരുന്ന പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമാണുണ്ടായിരുന്നത്. എന്നാൽ, മസ്കത്ത് നഗരത്തിൽ പ്രസന്നമായ കാലാവാസ്ഥയാണുണ്ടായിരുന്നത്. താപനില കുറഞ്ഞതോടെ നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. ശനിയാഴ്ച വരെ താപനില ഗണ്യമായി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച ഒമാൻ പർവതനിരകളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു ദാഹിറ, ബുറൈമി, വടക്കൻ ബാത്തിന എന്നീ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഇബ്രിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശം നൽകി.
ഒരാഴ്ചയോളം മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം, ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിൽ പൊയ്ത മഴയിൽ ഇതുവരെ ആറു ജീവനുകളാണ് പൊലിഞ്ഞത്. നാശനഷ്ടവും നേരിട്ടു. വിവിധ ഇടങ്ങളിലായി കുടുങ്ങിയ 45ൽ അധികം ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആംബുലൻസും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തത് കെടുതികളുടെ ആക്കം കുറക്കാൻ സഹായകമായി. കഴിഞ്ഞദിവസം പെയ്ത മഴയിൽ മസ്കത്ത് അടക്കമുള്ള ഗവർണറേറ്റുകളിലെ റോഡുകൾ പലതും പുഴക്ക് സമാനമായിരുന്നു. റോഡുകളിലെ ഒഴുക്കിൽപ്പെട്ട് വാഹനങ്ങൾ ഒലിച്ചുപോയി.
ലഭ്യമായ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലാണ്. 110 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ജനുവരി മൂന്നുമുതൽ നാലുവരെയുള്ള കാലയളവിലെ കണക്കാണിത്. 108 മി.മീറ്റർ മഴ ലഭിച്ച മസ്കത്തിലെ തന്നെ സീബ് വിലായത്താണ് രണ്ടാം സ്ഥാനത്തുള്ളത്. 59 മി.മീറ്റർ മഴ ലഭിച്ച നഖൽ ആണ് മൂന്നാം സ്ഥാനത്ത്. മത്ര, മസ്കത്ത്, ലിവ 40 മി.മീ, കസബ് 32 മി.മീ, മഹ്ദ, അമീറാത്ത് 28, മുസാന, സുഹാർ 25 മി.മീ, ബുറൈമി 14 മി.മീ, ഖാബൂ ഒമ്പത് മി.മീ, ഷിനാസ് അഞ്ച് മി.മീ, ഹംറ നാല് മി.മീ എന്നിങ്ങനെയായിരുന്നു മറ്റ് സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.