മഴ: അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു തുടങ്ങി
text_fieldsമസ്കത്ത്: കനത്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ തടസ്സപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. റോഡുകൾ തുറക്കാനും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അവശിഷ്ടങ്ങൾ നീക്കാനുമുള്ള പ്രവർത്തനം നടന്നുവരുന്നതായി ബേസിക് സർവിസസ് സെക്ടർ സ്ഥിരീകരിച്ചു. വൈദ്യുതി, വാർത്തവിനിമയം, ജലവിതരണം, തുടങ്ങിയ സേവനങ്ങൾ ഫീൽഡ് റെസ്പോൺസ് ടീമുകളുടെ നേതൃത്വത്തിലാണ് പുനഃസ്ഥാപിക്കുന്നത്.
വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യമുള്ള റോഡുകൾക്ക് മുൻഗണന നൽകിയാണ് പ്രവൃത്തികൾ. ഫീൽഡ് റെസ്പോൺസ് ടീമുകൾക്ക് ഉൾപ്രദേശങ്ങളിലടക്കം പെട്ടെന്ന് എത്തിച്ചേരാൻ കൂടിയാണ് റോഡുകൾ ഗതാഗതയോഗ്യമാക്കുന്നത്.
ലൈസൻസുള്ള കമ്പനികൾ, റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ് എന്നിവയുമായി ഏകോപിച്ചാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നതെന്ന് ബേസിക് സർവിസസ് സെക്ടർ അറിയിച്ചു.
മുസന്ദം ഗവർണറേറ്റിലെ വൈദ്യുതി നിലയത്തിലെ തകരാറുകൾ പരിഹരിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഹെലികോപ്ടർ വഴിയാണ് എത്തിച്ചത്. മുസന്ദം, വടക്കൻ ബത്തിന ഗവർണറേറ്റുകളിലെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളും പുനഃസ്ഥാപിച്ചുതുടങ്ങി. ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന കമ്യൂണിക്കേഷൻ സെക്ടറിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി.
മുൻകരുതൽ നടപടികളുടെ ഭാഗമായി ആവശ്യത്തിന് ശേഖരിച്ചുവെച്ചതിനാൽ ഗവർണറേറ്റുകളിലെ പാചകവാതക സേവനങ്ങളെ ബാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി, വാർത്തവിനിമയം, വെള്ളം തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട് സഹായത്തിനായി കാൾ സെന്ററുകളിലൂടെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് മസ്കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവർണറേറ്റുകളിൽ മഴ ലഭിച്ചത്. ബാത്തിന മേഖലയിലും മുസന്ദത്തുമാണ് മഴ കൂടുതൽ ആഘാതം ഉണ്ടാക്കിയത്. ഇവിടങ്ങളിലെ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. വടക്കൻ ബാത്തിന, മുസന്ദം ഗവർണറേറ്റുകളിൽ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഉപ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിലെ വാദികളിൽ കുടുങ്ങിയ നിരവധിപേരെ രക്ഷിച്ചിരുന്നു. അതേസമയം, മഴ ലഭിച്ച പ്രദേശങ്ങളിലെല്ലാം താപനില കുറഞ്ഞു.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുസന്ദം
ഗവർണറേറ്റിലെ പ്രവൃത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.