മഴ ദുർബലമായി; ആശ്വാസം
text_fieldsമസ്കത്ത്: മസ്കത്ത് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ മഴ ദുർബലമായി കടന്നു പോകുന്നതിന്‍റെ ആശ്വാസത്തിൽ ജനങ്ങൾ. ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി മികച്ച മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സബ് കമ്മിറ്റികളുടെ പ്രവർത്തനം വിവിധ ഗവർണറേറ്റുകളിൽ സജീവമാക്കുകയും ചെയ്തിരുന്നു. മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് ഉപകമ്മിറ്റികൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മിറ്റി നേതൃത്വത്തിൽ കാലാവസ്ഥ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാത്തിന മേഖല ഒഴികെ മറ്റു ഗവർണറേറ്റുകളിലൊന്നും ന്യൂനമർദം വലിയ ആഘാതം വരുത്തിയിട്ടില്ല.
രാജ്യത്തിന്‍റെ വടക്കൻ ഗവർണറേറ്റുകളിലാണ് കനത്ത മഴ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. എന്നാൽ, അനിഷ്ട സംഭവങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചിലയിടങ്ങളിൽ നേരിയ ഗതാഗത തടസ്സം നേരിട്ടു. മസ്കത്ത്, സുഹാര്‍, സഹം, ബര്‍ക, സുവൈഖ്, ശിനാസ്, ഫഞ്ച, മബേല, ജബല്‍ അഖ്ദര്‍, സമാഈല്‍, റുസ്താഖ്, യങ്കല്‍, ഖുറിയാത്ത്, ലിവ, ഇബ്രി, ഖാബൂറ, നഖല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത്.
റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ ന്യൂനമർദത്തിന്‍റെ ആഘാതമുണ്ടാകുമെന്ന് കരുതുന്ന സ്ഥലങ്ങളിൽ സന്ദർശിക്കുകയും ജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
അതേസമയം, വരും ദിവസങ്ങളിലും രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജാഗ്രത കൈവിടരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.