ഒമാനിൽ ഇന്ന് രാത്രിയോടെ മഴ ദുർബലമാകും
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഫലമായി വ്യാഴാഴ്ചവരെ മിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കത്ത്, ദാഹിറ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. വിവിധ സ്ഥലങ്ങളിൽ 10 മുതൽ 60 മില്ലി മീറ്റർവരെ മഴ പെയ്തേക്കും.
മണിക്കൂറിൽ 30 മുതൽ 70 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ മൂന്നു മീറ്റർവരെ ഉയർന്നേക്കും. എന്നാൽ, ബുധനാഴ്ച രാത്രിയോടെ മഴ ദുർബലമാകും.
സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് മസ്കത്തിൽ ചൊവ്വാഴ്ച രാവിലെവരെ 72 മില്ലി മീറ്ററാണ് മഴപെയ്തത്.
കൂടുതൽ മഴ ലഭിച്ചത് മത്രയിൽ
മസ്കത്ത്: കഴിഞ്ഞ ദിവസം പെയ്ത മഴ ഏറ്റവും കൂടുതൽ ലഭിച്ചത് മത്രയിൽ. 154 മി.മീറ്റർ മഴയാണ് തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെവരെ ഇവിടെ കിട്ടിയത്. മസ്കത്ത് -113, സീബ്-77 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ തോത്.
റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മതിലിടിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്
മസ്കത്ത്: ലേബർ ക്യാമ്പിന്റെ മതിൽ ഇടിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
സീബ് വിലായത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഉറങ്ങിക്കിടക്കുമ്പോൾ ലേബർ ക്യാമ്പ് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് കൺസ്ട്രക്ഷൻ ലേബർ ക്യാമ്പിന്റെ സൂപ്പർവൈസർ പറഞ്ഞു. പലർക്കും പണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടു.
മത്ര സൂഖില്‍ വെള്ളം കയറി
മസ്കത്ത്: കനത്ത മഴയെ തുടര്‍ന്ന് മത്ര സൂഖില്‍ വെള്ളം കയറി. ഇത് മലയാളികളടക്കമുള്ള കച്ചവടക്കാരെ പ്രയാസത്തിലാക്കി.
സൂഖിനുള്ളിൽ വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. പുറത്ത് സൂക്ഷിച്ചിരുന്ന പല സാധനങ്ങളും ഒലിച്ചുപോയതായി വ്യാപാരികൾ പറഞ്ഞു. മഴയുടെ മുന്നറിയിപ്പുണ്ടായതിനാൽ പലരും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിനാൽ പലർക്കും വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.