മഴ: ശുചീകരണം ഊർജിതം
text_fieldsമസ്കത്ത്: തുടർച്ചയായി പെയ്ത മഴയിൽ ചളിയും മണ്ണും നിറഞ്ഞ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനം പുരോഗമിക്കുന്നു. വിവിധ മുനിസിപ്പാലിറ്റികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രവൃത്തി. അവധിയായതിനാൽ വെള്ളിയാഴ്ച നിരവധി ആളുകൾ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. രാവിലെ മുതൽ തന്നെ മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലേക്ക് ആളുകൾ കൂട്ടമായി എത്തിയിരുന്നു. ഓരോ വിഭാഗത്തിനും വിവിധ പ്രദേശങ്ങൾ വീതിച്ചുകൊടുത്തായിരുന്നു പ്രവൃത്തി.
മഴയില്‍ കനത്ത നാശമുണ്ടായ ബാത്തിന, ബുറൈമി, ശര്‍ഖിയ, ദാഖിലിയ ഗവര്‍ണറേറ്റുകളിലാണ് പ്രധാനമായും ശുചീകരണം നടന്നത്. വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലാണ് പ്രവൃത്തി. ചിലയിടങ്ങളിൽ പാറകൾ ഉരുണ്ടുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് നീക്കുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റി ജീവനക്കാർ ബൗഷറിലെ റോഡുകളിലെ കല്ലും മണ്ണും നീക്കി. മാലിന്യം നീക്കുന്നതോടൊപ്പം കീടനാശിനി പ്രയോഗവും നടത്തുന്നുണ്ട്. പകർച്ചവ്യാധി തടയാനാണിത്. കെട്ടിക്കിടക്കുന്ന വെള്ളം പെട്ടെന്ന് നീക്കാനും ആരോഗ്യവിദഗ്ധർ നിർദേശം നൽകി.
ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനർമർദത്തിന്റെ ഫലമായാണ് മസ്കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം തുടങ്ങിയ ഗവർണറേറ്റുകളിൽ കഴിഞ്ഞദിവസം മഴ ലഭിച്ചത്. ബാത്തിന മേഖലയിലും മുസന്ദം ഗവർണറേറ്റിലുമാണ് മഴ കൂടുതൽ ആഘാതംചെലുത്തിയത്. ഇവിടങ്ങളിലെ അടിസ്ഥാന സേവന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഫീൽഡ് റെസ്പോൺസ് ടീമുകളുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. അതേസമയം, ശനിയാഴ്ചയും രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചു. അൽഹജർ പർവത നിരകളിലും സമീപ പ്രദേശങ്ങളിലുമാണ് മഴ പെയ്തത്. ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും ജബൽ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.