മഴ തുടരുന്നു:വാദികളിൽ കുടുങ്ങിയ നിരവധിപേരെ രക്ഷിച്ചു
text_fieldsമസ്കത്ത്: രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. ബാത്തിന, മുസന്ദം ഗവർണറേറ്റുകളിലാണ് മഴ കൂടുതലായി പെയ്യുന്നത്. ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. കനത്ത കാറ്റും വീശുന്നുണ്ട്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് എന്നിവ വിവിധ ഇടങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. സുഹാര്‍, ശിനാസ്, സഹം, ഇബ്രി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ചിലയിടങ്ങളില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളിൽ നേരിയ മഴയാണ് കിട്ടിയത്. തുടർച്ചയായി പെയ്യുന്ന മഴയിൽ വിവിധ സ്ഥലങ്ങളിലെ വാദികൾ കവിഞ്ഞൊഴുകി. ഇത്തരം വാദികൾ മുറിച്ചുകടക്കരുതെന്ന് നിർദേശം നൽകി.
മഴയെ തുടർന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വീടുകളിലും വാദികളിലും കുടുങ്ങിയവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷിച്ചു. വടക്കൻ ബാത്തിനയിലെ വാഹനവുമായി വാദിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സി.ഡി.എ അറിയിച്ചു. വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് മുസന്ദം ഗവർണറേറ്റിലെ മദ്ഹ വിലായത്തിൽ വീടുകളിൽ കുടുങ്ങിയവരെ റോയൽ ഒമാൻ പൊലീസ് ഏവിയേഷനും റോയൽ എയർഫോഴ്സും ചേർന്ന് രക്ഷിച്ചു.
ഇവരെ റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (എൻ.സി.ഇ.എം) അറിയിച്ചു.
പ്രദേശത്ത് എമർജൻസി മാനേജ്മെന്റ് ഉപ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. മദ്ഹ വിലായത്തിലെ മഴക്കെടുതിയിൽ അകപ്പെട്ടവർക്കായി അഭയകേന്ദ്രം ഒരുക്കിയതായും അവശ്യസാധനങ്ങൾ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു. മദ്ഹയിലെ ലിമ, നിയാബ പ്രദേശങ്ങളിലെ വാദികളിൽ കുടുങ്ങിയ സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ള 200ലധികം ആളുകളെയാണ് റോയൽ ഒമാൻ പൊലീസ് രക്ഷിച്ചത്. 102 സ്വദേശികൾ, 32 ജി.സി.സി പൗരന്മാർ എന്നിവരെ ഹെലികോപ്ടർ വഴി മദ്ഹ എയർപോർട്ടിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.ദാഖിലിയ ഗവർണറേറ്റിലെ മലയിൽനിന്ന് സി.ഡി.എ.എ ഒരു കുട്ടിയെയും രക്ഷിച്ചു. നിസ്വ വിലായത്തിലെ അൽ തുറാത്ത് പരിസരത്തുള്ള പർവതത്തിൽനിന്നാണ് കുട്ടിയെ രക്ഷിച്ചത്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ജാഗ്രത കൈവിടരുതെന്നും നിർദേശിച്ചു.
അതേസമയം, മഴ കുറഞ്ഞ പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണം പുരോഗമിക്കുന്നു. വെള്ളക്കെട്ടുകളും റോഡിലെ ചളിയും നീക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.