രാജേഷിന്റെ മരണം: പ്രവാസലോകത്ത് എയർ ഇന്ത്യക്കെതിരെ പ്രതിഷേധം പുകയുന്നു
text_fieldsമസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് പ്രിയതമയെ അവസാനമായി ഒരുനോക്കുകാണാനാവാതെ തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ച സംഭവത്തിൽ പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു. വിമാന യാത്രയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെങ്കിലും ഇതുവരെയായിട്ടും പരിഹാരം കാണാൻ തയാറായിട്ടില്ലെന്ന് വിവിധ പ്രവാസി സംഘടനകൾ പറഞ്ഞു. മറ്റൊരു രാജ്യത്തെ വിമാന കമ്പനിയും ഇതുപോലുള്ള സമീപനം തങ്ങളുടെ യാത്രക്കാര്‍ക്കുനേരെ സ്വീകരിച്ചതായി കേട്ടുകേള്‍വി പോലുമില്ലെന്നാണ് പല പ്രവാസികളും പറയുന്നത്. എന്തുതന്നെ പ്രയാസം നേരിടേണ്ടി വന്നാലും അൽപം സാമ്പത്തിക നഷ്ടം സഹിച്ചായാലും എയർ ഇന്ത്യ എക്സ്പ്രസ് ബഹിഷ്കരികരിക്കണമെന്നാണ് ബഹുഭൂരിപക്ഷം പ്രവാസികളുടെയും അഭിപ്രായം.
ഗള്‍ഫ് പ്രവാസികളായ യാത്രക്കാരോടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരന്തരമായുള്ള അലസ സമീപനം മാറുന്നതുവരെ ബഹിഷ്കരണം തുടരണമെന്നാണ് പലരും പറയുന്നത്. ഹൃദ്രോഗ ബാധിതനായി കിടക്കയില്‍ കഴിയവെ തന്റെ പ്രിയതമയെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മസ്കത്തിലേക്ക് വരാന്‍ വലിയ തുക നല്കി ടിക്കറ്റെടുത്ത് എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യ അറിയുന്നത്. പിറ്റേദിവസവും യാത്രക്ക് ശ്രമിച്ചിട്ടും നാട്ടില്‍ കുടുങ്ങുകയായിരുന്നു. കുടുംബത്തിന് ഒരിക്കലും തോരാത്ത കണ്ണീർ സമ്മാനിച്ചാണ് ഒടുവില്‍ നമ്പി രാജേഷ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ സമരത്തിന്റെ ഫലമായി കുട്ടികളും സ്ത്രീകളുമടക്കമുള്ള ആയിരക്കണക്കിനാളുകളാണ് പ്രയാസത്തിലായത്. വിസകാലാവധി കഴിയുന്നവർ, ചികിത്സതേടി പോകുന്നവർ, വിവാഹ-മരണാനന്തര ചടങ്ങുകൾ, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി തിരിച്ചവരെയായിരുന്നു പണിമുടക്ക് ഏറെ വലച്ചത്. പ്രവാസികൾക്ക് ‘പണി’ കൊടുക്കുന്നത് ശീലമാക്കിയ കമ്പനിയാണ് ‘എയർ ഇന്ത്യ എക്സ്പ്രസ്’. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരം എട്ടിന്റെ പണിയാണെന്നായിരുന്നു യാത്രക്കാർ പറയുന്നത്.
സമരം അനേകം യാത്രക്കാര്‍ക്ക് പറഞ്ഞറിയിക്കാനാവാത്തവിധം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. കുഞ്ഞുങ്ങളും സ്ത്രീകളുമായി അനേകം പേരാണ് എയര്‍പോര്‍ട്ടുകളില്‍ ഉത്തരമില്ലാതെ, ഒരു ഗ്ലാസ് വെള്ളം പോലും ലഭ്യമാകാതെ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നത്. വിമാന മുടക്കവും ഉയർന്ന നിരക്കുമെല്ലാം പലതവണ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഉന്നതതലങ്ങളിൽവരെ എത്തിച്ചതാണ്. സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും തള്ളി പ്രശ്നം നീട്ടികൊണ്ടുപോകുകയാണെന്നും ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും സമമാണെന്നും പ്രവാസികൾ ആരോപിക്കുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റ ഏറ്റെടുത്തപ്പോൾ മാറ്റങ്ങൾ ഉണ്ടാകുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാൽ, സേവനങ്ങൾ മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല മുമ്പത്തേക്കാൾ മോശമാകുകയും ചെയ്തു. ചെലവ് വെട്ടി ചുരുക്കലിന്റെ പേരുപറഞ്ഞാണ് സാധരണ യാത്രക്കാർക്ക് നൽകിയിരുന്ന പല സേവനങ്ങളും നിർത്തലാക്കി. നിലവിൽ സാധാ ടിക്കറ്റുക്കാർക്ക് സൗജന്യമായി വെള്ളം മാത്രമാണ് നൽകുന്നത്. കൊണ്ടുപോകാനുള്ള ലഗേജിന്റെ തൂക്കവും വെട്ടിച്ചുരുക്കി. സീസൺ മുതലെടുത്ത് ടിക്കറ്റിന് കഴുത്തറപ്പൻ നിരക്കും വിമാനകമ്പനികൾ ഈടാക്കാറുണ്ട്.
കുറഞ്ഞ വരുമാനക്കാരായ പ്രവസികൾ ഈ മാസങ്ങളിൽ യാത്ര ഒഴിവാക്കാറാണ് പതിവ്. എന്നാൽ അടുത്ത ബന്ധുക്കളുടെ മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോവേണ്ട കുറഞ്ഞ വരുമാനക്കാരെ ഉയർന്ന വിമാന നിരക്കുകൾ ശരിക്കും പ്രതിസന്ധിയിലാക്കുന്നത്. സീസണിൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും അധികൃതർ എപ്പോഴും കൈമലർത്തുകയാണ് പതിവ്.
അതിനിടെ സർവിസുകൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകളും കുത്തനെ വർധിപ്പിച്ചു. സമരം പിൻവലിക്കുന്നതിന് തെട്ടുമുമ്പുവരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ പല റൂട്ടുകളിലേയും നിരക്കുകൾ 50 റിയാലിൽ താഴെയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ സെക്ടറിലെയും നിരക്കുകൾ കുത്തനെ വർധിച്ചിട്ടുണ്ട്. ഈ മാസം അവസാനം കേരള സെക്ടറിലേക്ക് വൺ വേക്ക് 143 മുതൽ 150 വരെയാണ് വൺ നിരക്കുകൾ. ജൂണിലെ നിരക്കുകൾ പിന്നെയും വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.