പെരുന്നാൾ പൊലിമയിൽ...
text_fieldsമസ്കത്ത്: ആത്മ വിശുദ്ധിയുടെയും കർമ സായൂജ്യത്തിന്റെ ദിനാരാത്രങ്ങൾക്ക് ശേഷം വിശ്വാസികൾ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ആത്മ സുഖങ്ങളും ശാരീരിക ചോദനകളും സ്രഷ്ടാവിന് ബലികഴിച്ച പുണ്യനാളുകൾക്ക് ശേഷം വിശ്വാസികൾ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒത്തുചേരും. വിശുദ്ധ മാസം എല്ലാ പൂർണതയോടെയും ആചരിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് തക്ബീർ ധ്വനികളാൽ അന്തരീക്ഷം മുഖരിതമാകും. ഇതര ജി.സി.സി രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു പെരുന്നാൾ.
ഒരു മാസം വിശ്വാസികൾ പരിശീലന കളരിയിലായിരുന്നു. ദേഹേച്ഛയെ ദൈവത്തിന് മുമ്പിൽ സമർപ്പിച്ച് വിജയം വരിച്ച പുണ്യനാളുകൾ. പകലന്തിയോളം പശിയടക്കിയും ശാരീരിക വികാരങ്ങൾ മറന്നും നേടിയെടുത്ത വ്രതശുദ്ധി. പുണ്യരാത്രികളിൽ കണ്ണുകൾ തുറന്നിട്ട് രാവറ്റംവരെ ആരാധനകളിലും പ്രാർഥനകളിലും മുഴുകി വാർത്തെടുത്ത മനശ്ശുദ്ധി. ജിബ്രീലും മലക്കായിരങ്ങളും മണ്ണിലിറങ്ങുന്ന അനുഗ്രഹീത മുഹൂർത്തങ്ങൾക്കായി കാത്തിരുന്ന റമദാന്റെ അവസാന രാവുകൾ. ദാനധർമങ്ങളും പരസഹായവും അനുകമ്പയും കുത്തിയൊലിക്കുന്ന ദിനങ്ങൾ. ഇത്തരം മുഹൂർത്തങ്ങളും കടന്ന് സ്ഫടിക സമാനമായ മനസ്സുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മസ്കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിക്കുക. സുൽത്താന്റെ സായുധസേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷ ഏജൻസികൾ എന്നിവയുടെ ഉദ്യോഗസ്ഥർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ പ്രാർഥനയിൽ പങ്കാളികളാകും.
വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദ്ഗാഹുകൾക്ക് നാട്ടിൽ നിന്നെത്തിയ പണ്ഡിതന്മാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്കാരത്തിനു ശേഷം ആശംസകൾ കൈമാറിയും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വീടുകളിലേക്ക് മടങ്ങുക.
പെരുന്നാൾ ഒരുക്കത്തിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പുതന്നെ ഷോപ്പിങ് മാളുകൾ, സൂഖുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പെരുന്നാളിന് മുന്നോടിയായുള്ള അവധി കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ തിരക്കുകൾ പതിന്മടങ്ങ് വർധിച്ചതായി കച്ചവടക്കാരും മറ്റും പറയുന്നു. പുത്തൻ വസ്ത്രങ്ങൾ വാങ്ങാനും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങാനുമൊക്കെയാണ് ആളുകൾ സൂഖിലും ഹൈപ്പർ മാർക്കറ്റുകളിലും മറ്റും സന്ദർശിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി ഓഫറുകളും മറ്റ് ആനൂകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈദുൽ ഫിത്ർ വേളയിൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.