ഇരുപത്തിയേഴാം രാവ്; പ്രാർഥന മുഖരിതം മസ്ജിദുകൾ
text_fieldsറൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ നടന്ന രാത്രികാല നമസ്കാരം-വി.കെ. ഷെഫീർ
മസ്കത്ത്: വിശുദ്ധമാസം വിടപറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മസ്ജിദുകളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. അവസാന പത്തോടെ സജീവമായ പള്ളികൾ ഇരുപത്തിയേഴാം രാവിൽ വിശ്വാസികളാൽ തിങ്ങിനിറഞ്ഞു.
തറാവിഹ്, ഖിയമുലൈൽ എന്നിവക്കായി ആയിരങ്ങളാണ് രാജ്യത്തെ പ്രധാന പള്ളികളിൽ കഴിഞ്ഞ ദിവസം എത്തിയത്. റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദ്, അൽ ഖുവൈർ തൈമൂർ മസ്ജിദ്, ഖുറം അസ്മ മസ്ജിദ് എന്നിവിടങ്ങളിൽ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ഇന്നലെ പുലരുവോളം വിശ്വാസികൾ കണ്ണീരിൽ കുതിർന്ന പ്രാർഥനകളിൽ മുഴുകി.
മിക്ക ആളുകളും ളുഹർ നമസ്കാരം കഴിഞ്ഞു വീടുകളിലേക്കു മടങ്ങാതെ പള്ളികളിൽ ഖുർആൻ പാരായണവുമായി കഴിച്ചുകൂട്ടി. നോമ്പുതുറക്കും മഗ്രിബിനും ഇശാ തറാവീഹിനു ശേഷം വിശ്വാസികൾ രാത്രിയുടെ അന്ത്യയാമത്തിലെ ഖിയാമുലൈൽ നമസ്കാരവും പൂർത്തിയാക്കി സുബ്ഹി നമസ്കാരത്തിനു ശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്.
ഓരോ നമസ്കാരത്തിന് ശേഷവും പ്രത്യേക ദുആകൾ നടന്നു. ഫലസ്തീനിൽ മരിച്ചു വീഴുന്ന നൂറുകണക്കിന് രക്തസാക്ഷികൾക്ക് വേണ്ടിയും അതോടൊപ്പം നാട്ടിൽ ലഹരിക്ക് അടിമപ്പെട്ടു അക്രമ വാസനയിലേക്കു നീങ്ങുന്ന യുവതലമുറക്ക് സൽബുദ്ധി തോന്നാനും പ്രത്യേകം പ്രാർഥനകൾ നടന്നു.
റമദാനിൽ നേടിടുത്ത പുണ്യം വരും നാളുകളിലും തുടരാൻ ഇമാമുമാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പ്രാർഥനക്കായി പുലരുവോളം പള്ളികളിൽ കഴിച്ചു കൂട്ടിയ സഹോദരന്മാർക്കായി മലയാളികൾ അടക്കമുള്ള കൂട്ടായ്മകൾ ഭക്ഷണവും, മധുരപലഹാരവും വിതരണം വിതരണം ചെയ്തു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു
ഈദ് ഗാഹ്
- ഗാല അൽ റൂസൈഖി ഗ്രൗണ്ട്(സുബൈർ ഓട്ടോമോടിവിന് എതിർവശം): തൗഫീഖ് മമ്പാട് 6.45
- ആമിറാത് സഫ ഷോപ്പിങ്: നൗഷാദ് അബ്ദുല്ലാഹ് 6:45
- സീബ് അൽശാദി ഗ്രൗണ്ട് : അബ്ദുൽകരീം 6.45
- ബർക മറീന: അദ്നാൻ ഹുസൈൻ 6.45
- ഖദറ അൽ ഹിലാൽ സ്റ്റേഡിയം: അഫ്സൽ ഖാൻ 6.45
- സൂർ ബിലാദ് സൂർ: റഹ്മത്തുല്ല മഗ്രിബി 6.45
- ബൂ അലി അൽ വഹ്ദ സ്റ്റേഡിയം: താജുദ്ദീൻ 6.00
- നിസ്വ അൽ നസർ ഗ്രൗണ്ട് ഖബാഈൽ: അബ്ദു റഹീം 6.20
- ഇബ്രി ഗ്രീൻ ലോഡ്ജ് സുലൈഫ്: സി. അലി 6.30
- റൂവി കെ.എം. ട്രേഡിങിന് സമീപം: ഹനീഫ് ഫാറൂഖി പുത്തൂർ 6.50
- റൂവി അൽകറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്: അലി ഷാക്കിർ മുണ്ടേരി 6.45
- വാദികബീർ ഇബ്ന് കൽദൂൻ സ്കൂൾ കോമ്പൗണ്ട്: അഷ്കർ നിലമ്പൂർ 6.45
- സീബ് കാലിഡോണിയൻ കോളജ് കോമ്പൗണ്ട്: ഷെമീർ ചെന്ത്രാപ്പിന്നി 6.45
- സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: സഫറുദ്ധീൻ മാഹി 7.15
- റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അൽഫഹദ് പൂന്തൂറ 6.45
- അൽ ഹെയിൽ ഈഗിൾസ് ഗ്രൗണ്ട്: അഹമ്മദ് സൽമാൻ അൽഹികമി 6.45
- ബർക്ക മക്ക ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: നൗഫൽ എടത്താനാട്ടുകര 6.45
- സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട്: ദാനിഷ് കൊയിലാണ്ടി 6.45
- സുഹാർ ബദർ അൽസമ പോളീ ക്ലിനിക്ക്: ഷബീബ് സ്വലാഹി 6.45

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.