റമദാൻ: ആദ്യ വെള്ളിയുടെ നിർവൃതിയിൽ വിശ്വാസികൾ
text_fieldsമസ്കത്ത്: രണ്ടുവർഷത്തെ ഇടവേളക്കുശേഷം റമദാനിൽ ജുമുഅ പ്രാർഥനയിൽ പങ്കെടുക്കാനായതിന്റെ ആത്മനിർവൃതിയിൽ വിശ്വാസി സമൂഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മുഴുവൻ ആളുകൾക്കും പള്ളിക്ക് അകത്ത് പ്രാർഥന നിർവഹിക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് ബാങ്ക് വിളിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പുതന്നെ പള്ളികളിലെത്തിയ വിശ്വാസികൾ ഖുർആൻ പാരായണവും പ്രാർഥനകളുമായി കഴിച്ചുകൂട്ടി. സ്വദേശികളും വിദേശികളുമടക്കം പലരും കൂടുംബവുമായാണ് നമസ്കരിക്കാനെത്തിയിരുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും കോവിഡിന്റെ പിടിയിലമർന്നതിനാൽ വെള്ളിയാഴ്ച പ്രാർഥനകൾ നടന്നിരുന്നില്ല.
റമദാനിലെ ആദ്യ ജുമുഅക്ക് എത്തിയ വിശ്വാസികൾ കണ്ണീരോടുകൂടിയാണ് പ്രാർഥനകളിൽ പങ്കുചേർന്നത്. കൂടുതൽ ആളുകൾ എത്തുന്നത് മുനിൽകണ്ട് പല മസ്ജിദുകളിലും സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, ആദ്യ ബാങ്ക് വിളിക്കുമ്പോഴേക്കും പള്ളിയുടെ അകവും അങ്കണവും നിറഞ്ഞിരുന്നു. ബാക്കിയുള്ളവർ റോഡിലും ഇടവഴികളിലുമായാണ് നമസ്കാരം പൂർത്തിയാക്കിയത്. മസ്കത്ത് നഗരത്തിലെ ഖാബൂസ് മസ്ജിദ്, റൂവി മച്ചി മാർക്കറ്റ്, അൽ ഫലാഹ് മസ്ജിദ്, വൽജയിലെ ബുഖാരി മസ്ജിദ് തുടങ്ങിയ ഇടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ തറാവീഹ് നമസ്കാരത്തിനും സുപ്രീം കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. പള്ളികളിൽ ഔദ്യോഗിക തറാവീഹിനുപുറമെ മലയാളികൾ അടക്കമുള്ള നിരവധി മത കൂട്ടായ്മകളുടെ തറാവീഹും നടക്കുന്നുണ്ട്. പള്ളികളിലെയും പൊതുസ്ഥലങ്ങളിലെയും സാമൂഹിക ഇഫ്താറിന് ഈ വർഷവും അനുവാദം നൽകിയിട്ടില്ല. തറാവീഹ് ഉൾപ്പെടെയുള്ള എല്ലാ നമസ്കാരങ്ങൾക്കും പള്ളികളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നതിനാൽ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജുമുഅ നമസ്കാരത്തിനെത്തിയ എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ പള്ളി ജീവനക്കാർ ശ്രദ്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.