റമദാനെത്തി; ഭക്തിയുടെ നിറവിൽ വിശ്വാസികൾ
text_fieldsമസ്കത്ത്: വിശ്വാസികളുടെ അന്തരാളങ്ങളിൽ ഭക്തിയുടെയും ചൈതന്യത്തിെൻറയും നിറവെ ളിച്ചം പകർന്ന് വിശുദ്ധ റമദാൻ വന്നെത്തി. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ മാസത്തെ ഇ ന്നുമുതൽ ഒമാനിലെ വിശ്വാസി സമൂഹം നെഞ്ചിലേറ്റും. കേരളത്തിലും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലും തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിച്ചിരുന്നു. ദൈർഘ്യമേറിയതും ചൂട് കടുത്തതുമായ വ്രതമാസത്തെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് വിശ്വാസികൾ. ഒമാനിൽ ഏതാണ്ട് 15 മണിക്കൂറോളമാണ് നോമ്പനുഷ്ഠിക്കേണ്ടിവരുക. വരുംദിവസങ്ങളിൽ വേനൽചൂട് വർധിക്കുമെന്നാണ് കരുതുന്നത്. ഇനിയുള്ള 30 ദിനരാത്രങ്ങളിൽ വിശ്വാസിക്ക് ഭക്തിസാന്ദ്രമായ പകലും ഉറങ്ങാത്ത രാവുകളുമായിരിക്കും. പകലന്തിയോളം വ്രതാനുഷ്ഠാനവും രാത്രിയെ സജീവമാക്കുന്ന പ്രാർഥനകളുമായി വിശ്വാസികൾ ആത്മവിമലീകരണം നടത്തും.
ജീവകാരുണ്യത്തിലും അശരണർക്ക് സഹായ ഹസ്തം നൽകുന്നതിലും വിശ്വാസികൾ ഉത്സാഹം കാട്ടുന്ന ദിവസങ്ങൾ കൂടിയാണിത്. മസ്ജിദുകളും ആരാധനാലയങ്ങളും ഇനിയുള്ള ദിവസങ്ങളിൽ നിറഞ്ഞു കവിയും. ഹോട്ടലുകളും ഭക്ഷണാലയങ്ങളും പകൽ മുഴുവൻ ഉറക്കമായിരിക്കും. സന്ധ്യയോടെ തുറക്കുന്ന ഹോട്ടലുകൾ പാതിരാത്രി വരെ സജീവമാവും. റമദാനിൽ രാത്രിയിലാണ് തിരക്ക് വർധിക്കുന്നത്. റമദാൻ കളികളും വിനോദങ്ങളുമായി മുതിർന്നവരും കുട്ടികളും കറങ്ങിനടക്കുന്നതിനാൽ രാത്രി മുഴുവൻ ആളനക്കമുണ്ടാവും. ഒാഫിസുകളും സ്ഥാപനങ്ങളും സമയക്രമം മാറ്റിയതിനാൽ ഉച്ചയോടെ പൊതുസ്ഥാപനങ്ങൾ ആളൊഴിയും. സർക്കാർ സ്ഥാപനങ്ങളിൽ തിരക്ക് കുറയും. വ്യാപാര സ്ഥാപനങ്ങളിലും ഹൈപർമാർക്കറ്റുകളിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. മസ്ജിദുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇഫ്താർ ഒരുക്കുന്നുമുണ്ട്. ഇത്തരം ഇഫ്താറുകൾക്ക് വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ഇഫ്താറുകളും സജീവമാവും.
റമദാനിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പഴവർഗങ്ങൾക്ക് ആവശ്യക്കാർ വർധിക്കും. ഒമാനിലെ മൊത്ത വ്യാപാര കേന്ദ്രമായ മവേല പഴം -പച്ചക്കറി മാർക്കറ്റിൽ പഴം, പച്ചക്കറി ഇനങ്ങൾ ധാരാളമായി സ്റ്റോക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സ്വദേശികളും വിദേശികളുമെല്ലാം സാധനങ്ങൾ വാങ്ങാൻ ധാരാളമായി എത്തി. ഇന്ത്യൻ മാങ്ങ വിപണിയിൽ സുലഭമാണ്. യമൻ മാങ്ങകളും മാർക്കറ്റിൽ ധാരാളമാണ്. പാകിസ്താൻ മാങ്ങയുടെ സീസൺ ആരംഭിക്കുന്നതും റമദാനിലാണ്. രുചിയേറിയതും വില കുറവുള്ളതുമാണ് പാകിസ്താൻ മാങ്ങ. മറ്റു പഴവർഗങ്ങളും ധാരാളമായി ഉണ്ട്. റമദാൻ കച്ചവടം മുൻനിർത്തി വ്യാപാരികൾ അധിക സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. പച്ചക്കറി ഇനങ്ങളിൽ സ്വദേശി ഉൽപന്നങ്ങളാണ് കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.