ഓർമകളിൽ റമദാൻ നിലാവുദിക്കുമ്പോൾ...
text_fieldsറമദാൻ സമാഗതമാകുമ്പോൾ ഓർമകൾ കൈപിടിച്ചുകൂട്ടുന്നത് ബാല്യകാല റമദാൻ ദിനങ്ങളുടെ നാളിലേക്കാണ്. ഓർമകളിൽ നിലാവ് ഉദിച്ചുനിൽക്കുന്ന റമദാൻ എന്നും സ്നേഹവും സന്തോഷവും മണവും രുചിയും നിറഞ്ഞുനിൽക്കുന്നതുതന്നെയാണ്. റമദാൻ പിറ മാനത്ത് ദൃശ്യമാവുന്നതിനു മുമ്പ് തുടങ്ങും നോമ്പിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ. മുളക്, മല്ലി മഞ്ഞൾ എന്നിവ കഴുകി ഉണക്കി പൊടിപ്പിച്ചും പച്ചരി കഴുകി ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിപ്പിച്ചും റമദാനെ വരവേൽക്കാൻ തുടങ്ങും. വീട്ടിൽ ഒരുപാട് ആളുകൾ ഉള്ളതുകൊണ്ടുതന്നെ എല്ലാരും ഒത്തുചേർന്നുള്ള നോമ്പുതുറ ആയിരുന്നു അന്നത്തെ ഏറ്റവും വലിയ സന്തോഷം. കുട്ടിക്കാലത്ത് ഉച്ചവരെ നോമ്പനുഷ്ഠിച്ച് ളുഹർ ബാങ്ക് മുഴങ്ങുന്ന നേരത്ത്, നിനക്ക് ഒരു നോമ്പ് ആയെന്ന് ഉമ്മ പറയുമ്പോൾ ആവേശത്തോടെ ഉച്ചഭക്ഷണവും കഴിച്ച് വൈകുന്നേരമാകുമ്പോൾ പമ്മിയും പതുങ്ങിയും നോമ്പുതുറ വിഭവങ്ങളുടെ അടുത്തുനിൽക്കുമായിരുന്നു.
നോമ്പെടുത്ത് ക്ഷീണിച്ചിരിക്കുന്ന സമയത്ത് പത്തിരിയും ഇറച്ചിക്കറിയും ഉമ്മ തിടുക്കത്തോടെ ഉണ്ടാക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നുമായിരുന്നു.
നോമ്പുകാലത്ത് സ്കൂൾ വിട്ടുവരുമ്പോൾ വീടിന്റെ മുന്നിൽ എത്തുമ്പോഴേക്കും കാറ്റിനൊപ്പം ഒഴുകിവരുന്നൊരു മണമുണ്ട്. നല്ല ഇറച്ചിക്കറിയുടെയും പത്തിരിയുടെയും മണം. ആ സമയത്ത് ക്ഷീണമെല്ലാം മറന്ന് അറിയാതെ ഉഷാറായിപ്പോകും. സ്കൂളിൽ ചെന്ന് കൂട്ടുകാരോട് എനിക്ക് ഇത്ര നോമ്പായി എന്ന് വീമ്പിളക്കുന്നതിൽ കവിഞ്ഞൊരു ലക്ഷ്യമൊന്നും നോമ്പിന് കൽപിക്കാതിരുന്ന കാലം. അത്താഴം കഴിക്കാൻ വിളിക്കാത്തതിൽ ദേഷ്യം പിടിച്ച ദിവസങ്ങൾ. തീൻമേശ നിറയെ വിഭവങ്ങൾ ഇല്ലെങ്കിലും സ്നേഹം കൊണ്ടും കർമംകൊണ്ടും സമൃദ്ധമായിരുന്ന പുണ്യമാസം. ഇന്നത്തേതിനെ അപേക്ഷിച്ച് ധൂർത്തും ധാരാളിത്തവും വളരെ കുറവായിരുന്നു അന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.