റമദാൻ: വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു
text_fieldsമസ്കത്ത്: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി അധികൃതർ. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അതിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് ഗവർണറേറ്റുകളിൽ നടത്തുന്ന പരിശോധന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക, ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. ചില സ്ഥാപനങ്ങൾ സീസൺ മുന്നിൽകണ്ട് സാധനങ്ങൾ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള ശ്രമം നടത്താറുണ്ട്.
ഇത്തരം അനഭിലഷണീയമായ നീക്കങ്ങൾ ഇല്ലാതാക്കുകയാണ് പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് തെക്കൻ ബാത്തിനയിലെ റുസ്താഖ് വിലായത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം, കൈകാര്യം ചെയ്യൽ എന്നിവയിൽ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലും പരിശോധനകൾ നടക്കുന്നുണ്ട്.
മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ബൗഷർ വിലായത്തിലെ വിവിധ വാണിജ്യസ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും. അതേസമയം, റമദാൻ പടിവാതിൽക്കൽ എത്തിയതോടെ രാജ്യത്തെ ഷോപ്പിങ് മാളുകളിലും മറ്റും തിരക്കേറി. അവശ്യവസ്തുക്കൾ വാങ്ങാനായിരുന്നു സ്വദേശികളും വിദേശികളുമടക്കമുള്ളവർ എത്തിയിരുന്നത്. പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചത് സാധാരണക്കാരായ ആളുകൾക്ക് ആശ്വാസമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.