കൂടാര നോമ്പുതുറകൾ; പ്രതീക്ഷയോടെ പ്രവാസികൾ
text_fieldsസുഹാർ: റമദാൻ വിളിപ്പാടകലെ എത്തിനിൽക്കെ വ്യാപാര സ്ഥാപനങ്ങളും സൂക്കുകളും തെരുവുകച്ചവടവും ഉണർന്നുകഴിഞ്ഞു. പുത്തൻ സ്റ്റോക്കുകളും ഭക്ഷണ സാധനങ്ങൾക്ക് ഓഫറുകളും കൊണ്ട് സജീവമാണ് മാർക്കറ്റുകൾ. പള്ളികളിൽ വർണം പൂശിയും കാർപെറ്റുകൾ മാറ്റിവിരിച്ചും കഴുകി വൃത്തിയാക്കിയും പരിശുദ്ധ റമദാനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. കോവിഡ് വ്യാപനത്തിന്‍റെ രണ്ടുവർഷം ആഘോഷങ്ങളില്ലാതെ ആശങ്കയിൽ കഴിഞ്ഞവർക്ക് വരുന്ന റമദാൻ കരിനിഴൽ ഒഴിഞ്ഞപോലെ തെളിമ നൽകുന്നുണ്ടെന്ന് മാർക്കറ്റുകളിലെ തിരക്കുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ പള്ളികളിലും പൊതുയിടങ്ങളിലും ഈ സമയങ്ങളിൽ ഉയർന്നുവരാറുള്ള ഇഫ്താർ ടെൻറുകൾ ഉയർന്നിട്ടില്ല എന്നത് പ്രവാസികളിൽ ചെറിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാർക്കും മറ്റും വലിയ ആശ്വാസമായിരുന്നു ഇത്തരം ടെന്റുകൾ.
വരും ദിവസങ്ങളിൽ പഴയകാല നോമ്പുപോലെ സജീവമാകും എന്നുതന്നെയാണ് പ്രതീക്ഷയെന്ന് 27 വർഷം സുഹാർ സൂക്കിൽ സമൂഹ ഇഫ്താർ കൂട്ടായ്മക്ക് നേതൃത്വം കൊടുത്ത തലശ്ശേരി സ്വദേശി മഷൂദ് പറയുന്നു. നോമ്പുതുറക്കാൻ ടെന്‍റ് തേടിപ്പോകുന്നത് പ്രവാസികളിൽ ഒരു ശീലമാണ്. പണക്കാരൻ മുതൽ പാവപ്പെട്ടവർവരെ ഒരേ കൂടാരത്തിൽ ചേർന്നിരുന്നു ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നത് എന്തെന്നില്ലാത്ത നിർവൃതി ഉണ്ടാകാറുണ്ടെന്ന് പൊന്നാനി സ്വദേശി കബീറും സാക്ഷ്യപ്പെടുത്തുന്നു. റമദാൻ വൈകുന്നേരങ്ങളിൽ സജീവമാകുന്ന ടെൻറുകളിൽ ഭക്ഷണമെത്തിക്കാൻ നിരവധി പേരുണ്ട്. തങ്ങളുടെ വിഹിതം ടെന്‍റിലെത്തിച്ച് ഒന്നിച്ചു പങ്കുവെക്കുന്നവരും 30 ദിവസവും നോമ്പുതുറ വിഭവങ്ങൾ ഹോട്ടലുകളിൽ ഏൽപിച്ചു ഇഫ്താർ ടെന്റുകൾ സജീവമാക്കുന്ന സ്വദേശികളും അനവധിയാണ്.
ഈത്തപ്പഴം മുതൽ ലബൻ വരെ അവരവരുടെ കഴിവിനനുസരിച്ച് ഇഫ്താറിന് എത്തിച്ചുനൽകും. റമദാൻ കാലങ്ങളിൽ കാറ്ററിങ് കമ്പനികൾക്ക് വിശ്രമമില്ലാത്ത കാലമാണ്. നിരവധി ഇഫ്താർ ടെന്റുകളിൽ ഭക്ഷണമെത്തിക്കാൻ മുൻകൂർ പണംതന്ന് കരാർ ചെയ്യുന്നവർ ഏറെയുണ്ടെന്ന് കാറ്ററിങ് കമ്പനി നടത്തിയിരുന്ന ഇംതിയാസ് പറഞ്ഞു. റമദാൻ സജീവമാകുന്ന വേളയിൽ ടെന്റുകൂടി ഉയർന്നാൽ കോവിഡിന് മുമ്പുള്ള പ്രവാസി നോമ്പുതുറയുടെ സുവർണകാലത്തേക്ക് തിരിച്ചുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.