പടിവാതിലിൽ റമദാൻ; വരവേൽക്കാൻ വിശ്വാസികൾ
text_fieldsമസ്കത്ത്: വിശ്വാസികളുടെ വസന്തമായ വിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കെ നാടും നഗരവും വരവേൽപ്പിനൊരുങ്ങി. റമദാനെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും മാസങ്ങൾക്ക് മുമ്പുതന്നെ സ്വദേശികൾ ആരംഭിച്ചിരുന്നു. റമദാനിൽ ഉപയോഗിക്കാനുള്ള ഈത്തപ്പഴങ്ങളും ഖഅ്വയുടെ മസാല കൂട്ടുകളുമൊക്കെ നേരത്തേ തയാറാക്കി വെക്കുക സ്വദേശികളുടെ പതിവാണ്. റമദാനിൽ ഉപയോഗിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ ഏറെ കരുതലോടെയാണ് സ്വദേശികൾ തയാറാക്കുന്നത്.
അതിനിടെ റമദാനിൽ പഴവർഗങ്ങളുടെ മറ്റും ലഭ്യത ഉറപ്പ് വരുത്താനും വിലവർധന പിടിച്ച് നിർത്താനും എല്ലാ ശ്രമങ്ങളുമായി അധികൃതരും രംഗത്തുണ്ട്. റമദാനിൽ ആവശ്യമായ പഴവർഗങ്ങൾ എത്തിക്കാനും ഇറക്കുമതി ചെയ്യാനും അധികൃതി പഴം പച്ചക്കറി മേഖലയിലെ ഇറക്കുമതിക്കാരുമായി നിരന്തരം ബന്ധപ്പെടുകയും ഇവയുടെ ലഭ്യതക്കായി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ വർഷം സുഖകരമായ കാലാവസ്ഥയാണ് റമദാനിൽ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഒമാന്റെ പല ഭാഗത്തും തകർത്ത് ചെയ്യുന്ന മഴ സുഖകരമായ കാലാവസ്ഥക്ക് കാരണമാക്കും. എന്നാൽ മാങ്ങ അടക്കമുള്ള ചില പഴവർഗങ്ങളുടെ സീസൺ അല്ലാത്തതിനാൽ ഇത്തരം പഴവർഗങ്ങളുടെ വില ഉയർന്ന് തന്നെ നിൽക്കും.
കഴിഞ്ഞ ഏതാനും ആഴ്ചകളായി റമദാനിൽ ആവശ്യമായ വീട്ടുപകരണങ്ങളും മറ്റും വാങ്ങുന്ന തിരക്കിലായിരുന്ന സ്വദേശികൾ. ഇത് കാരണം മത്ര അടക്കമുള്ള മാർക്കറ്റുകളിലും സൂഖുകളിലും കഴിഞ്ഞ ഏതാനും ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
പാത്രങ്ങളും തളികകളും ഫ്ലാസ്കുകളും അടക്കമുള്ള നിരവധി ഉൽപന്നങ്ങൾക്ക് നല്ല ആവശ്യക്കാൻ ഉള്ളതായി മത്രയിലെ വ്യാപാരികൾ പറയുന്നു. പ്രധാന മാർക്കറ്റുകളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഒമാനിലെ പ്രധാന മാളുകളിലെല്ലാം റമദാൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിൽ ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഓഫറുകൾ നൽകുന്നുണ്ട്. റമദാൻ ഉൽപന്നങ്ങൾക്ക് മാത്രമായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. പയറുവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ വ്യാപാര സ്ഥാപനങ്ങൾ പ്രത്യേക ഓഫറിൽ വിൽപനക്ക് വെച്ചിട്ടുണ്ട്. ഇതോടൊപ്പം വിവിധ രാജ്യങ്ങളിൽനിന്ന് ഫ്രഷ് ഇറച്ചി അടക്കമുള്ള ഉൽപന്നങ്ങൾ കൂടുതൽ എത്തിക്കാനുള്ള ശ്രമങ്ങളും അവസാന ഘട്ടത്തിലാണ്.
റമദാനെ വരവേൽക്കാൻ ആരാധനാലയങ്ങളും മസ്ജിദുകളും പൂർണമായി ഒരുങ്ങികഴിഞ്ഞു. ഇതിന്റെ ഭാഗമായി പെയിന്റിങ് അടക്കമുള്ളവ പൂർത്തിയാക്കി. രാജ്യത്തിന്റെ ഉൾ ഭാഗങ്ങളിലും മറ്റും മസ്ജിദുകൾ വൃത്തിയാക്കുകയും സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന പ്പണികളും പുരോഗിക്കുകയാണ്. ആരാധനാലയങ്ങളുടെ അറ്റകുറ്റപണികളും കേടുവന്ന പൈപ്പുകളും മറ്റും ശരിയാക്കുന്ന നടപടികളും നടക്കുന്നുണ്ട്. ഗ്രാമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ഗ്രാമവാസികൾ മുന്നിട്ടിറങ്ങിയാണ് നടത്തുന്നത്.
റമദാനെ വരവേൽക്കാൻ പ്രധാന ഹോട്ടലുകളും ഒരുങ്ങികഴിഞ്ഞു. പ്രധാന ഹോട്ടലുകളെല്ലാം ഇഫ്താർ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വിവിധ വിഭവങ്ങളുമായി ബുഫെ രീതിയിലാണ് ഇഫ്താറുകൾ ഒരുക്കുന്നത്. എന്നാൽ ഇത്തരം ഇഫ്താറുകൾ പലതും ഏറെ ചെലവേറിയതാണ്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകളും ഇഫ്താർ സൗകര്യം ഒരുക്കുന്നുണ്ട് വൈകുന്നേരത്തോടെ കടികളും പൊരികളുമായി ഈ ഹോട്ടലുകൾ സജീവമാവും. ഇവ പലതും പുലർച്ചെ വരെ തുറന്ന് പ്രവർത്തിക്കുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.