കുഞ്ഞുമുഖങ്ങൾ ഓർമവരുന്ന റമദാൻ
text_fieldsത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും ഓർമകൾ നിറച്ച് പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സമാധാനവും സന്തോഷവും അനുഭവിക്കേണ്ട ഈ ദിനങ്ങളിൽ മഗ്രിബ് ബാങ്ക് മുഴങ്ങുമ്പോൾ, നോമ്പ് മുറിക്കാനായി വ്രതശുദ്ധിയോടെ തയാറെടുക്കുമ്പോൾ വിശന്നു കരയുന്ന കുഞ്ഞുമുഖങ്ങളാണ് ചുറ്റും.
പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നാം ദൈവത്തിലേക്ക് കൂടുതൽ അടുക്കാറുണ്ട്. അത്തരത്തിൽ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഈ അവസരത്തിൽ നാം മനസ്സിലാക്കേണ്ടത്, റമദാൻ എന്നത് ധാരാളം പാപമോചനം ലഭിക്കുന്ന ഒരു കാലമാണ് എന്നതാണ്. തിന്മ ചെയ്ത് നന്മ കൊയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നവർക്ക് കൂടി പാപമോചനം നേടാനുള്ള വലിയൊരു അവസരമാണിത്.
ഉള്ള് നടുങ്ങുന്ന, ഉറക്കം കെടുത്തുന്ന കാഴ്ചകളാണ് ചുറ്റിലും. ഒടുങ്ങാത്ത പക, ജാതി-രാഷ്ട്രീയ വെറികൾ, ഭരണകർത്താക്കളുടെ താൻപോരിമ, എത്രയോ ജീവനാണ് മാസങ്ങളായി അപഹരിച്ചു കൊണ്ടിരിക്കുന്നത്. ഈ പുണ്യറമദാനിൽ വിശന്നുകരയുന്ന കുഞ്ഞുങ്ങളുടെ നേരെ ആയുധം വർഷിക്കുന്ന നരാധമത്വം. ഈ സന്ദർഭത്തിൽ എപ്രകാരമാണ് തയാറാവേണ്ടതെന്ന് നാം ചിന്തിച്ച് നോക്കേണ്ടതുണ്ട്. പറ്റുന്നിടത്തോളം അശരണരുടെ കൈത്താങ്ങാവുക. ഒരുതരി ഭക്ഷണം പോലും പാഴാക്കാതെ അന്യന്റെ വിശപ്പും കഷ്ടതകളും നമ്മുടേത് കൂടിയാണെന്ന് നമ്മുടെ മക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുക.
പരിശുദ്ധ മാസത്തിന് ആഴ്ചകൾ മുമ്പ് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ കാണിക്കുന്ന ജാഗ്രത, നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വൃത്തിയാക്കാൻ കാണിക്കാറുണ്ടോ? ശുദ്ധമാക്കിയിട്ടുണ്ടോ? എന്ന് നാം ആലോചിക്കണം.
മറ്റ് ആരാധനാകർമങ്ങളെ പോലെയല്ല റമദാനിലെ നോമ്പ്. ‘നോമ്പ് എനിക്കുള്ളതാണ് (അല്ലാഹുവിനുള്ളതാണ്). ഞാനാണതിന് പ്രതിഫലം നൽകുന്നത്. നോമ്പ് പരിചയാണ്’. ഒരു പടയാളി തന്റെ നേരെ വരുന്ന ആക്രമണങ്ങളെ എപ്രകാരമാണോ പരിച കൊണ്ട് തടുക്കുന്നത്, അത് പോലെ വിശ്വാസിയായ ഒരു വ്യക്തിക്ക് തന്നിലേക്കടുക്കുന്ന ദുഷിച്ച ചിന്തകളെയും തിന്മകളെയും തടുക്കാനുള്ള ഒന്നാവണം ഈ നോമ്പ് കാലം. പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുമ്പോൾ ഇത് വെറും പട്ടിണിയിരുപ്പായി കാണുന്നവർ ഉണ്ടെങ്കിൽ അത് തിരുത്തുക. വെറുതെ അന്നപാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല.
കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് പ്രവാചകൻ നമ്മെ ഓർമിപ്പിക്കുന്നു. വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടും കൂടി മാത്രം റമദാൻ വ്രതമനുഷ്ഠിക്കുക. അങ്ങനെയെങ്കിൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുത്തുകൊടുക്കുന്നതാണെന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ഈ മാസത്തിൽ ഖുർആൻ കൂടുതൽ അറിയാനും അതിന്റെ മഹത്വം മനസ്സിലാക്കാനും കൂടുതൽ പഠിക്കാനും ലോകത്തിനു സാധ്യമാകട്ടെയെന്ന് നമുക്ക് പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.