നിരക്കുകൾ വർധിച്ചു; റമദാൻ ഉംറ യാത്രകൾ കുറയും
text_fieldsമസ്കത്ത്: മക്ക, മദീന എന്നിവിടങ്ങളിലെ മുറി വാടക റമദാനിൽ കുത്തനെ വർധിക്കുന്നത് ഉംറ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നു. റമദാനിന് മുമ്പുള്ളതിനെക്കൾ മൂന്നും നാലും ഇരട്ടിയായി വർധിച്ചതാണ് തിരിച്ചടിയാവുന്നത്. ഇതോടെ ഒമാനിൽ നിന്നുള്ള ഉംറ നിരക്കുകളും ഉയർന്നു. ഇതേത്തുടർന്ന് ഉംറ യാത്രകൾ സംഘടിപ്പിക്കുന്ന സംഘടനകളും യാത്രക്കാർ കുറഞ്ഞേക്കുമെന്ന ആശങ്കയിലാണ്. ഇത്തരം സംഘടനകൾ റോഡ് മാർഗമാണ് ഉംറ യാത്ര സംഘടിപ്പിക്കുന്നത്. ഇതിൽ യാത്ര ചെയ്യുന്നവർ അധികവും സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ്.
നിരക്കുകൾ ഉയരുന്നത് ഇത്തരക്കാരുടെ റമദാൻ ഉംറ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുകയാണ്. റമദാനിൽ മക്കയിലെയും മദീനയിലെയും വാടക നിരക്കുകൾ കുത്തനെ വർധിക്കുകയാണെന്ന് സുന്നി സെന്റർ ഉംറ ഗ്രൂപ് തലവൻ മുഹമ്മദ് പറഞ്ഞു. നോമ്പിനു മുമ്പ് 40 ഒമാനി റിയാൽ ഈടാക്കിയിരുന്ന റൂമുകൾക്ക് റമദാൻ അവസാനത്തിൽ 150 റിയാലോ അതിലധികമോ നൽകണം.
അതിനാൽ ഉംറയുടെ നിരക്കുകളും വർധിക്കും. റമദാൻ അവസാനത്തിൽ ഉംറ യാത്ര ഒരുക്കാൻ പദ്ധതിയുണ്ടെങ്കിലും 375 റിയാലെങ്കിലും ചെലവുവരും. റമദാൻ 17ന് യാത്ര പുറപ്പെട്ട് 27ന് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര ഉദ്ദേശിക്കുന്നത്. മദീനയിൽ മൂന്നു ദിവസവും മക്കയിൽ അഞ്ചു ദിവസവും തങ്ങുന്ന വിധത്തിലാണ് ഉംറ യാത്ര സംഘടിപ്പിക്കുന്നത്. എന്നാൽ, യാത്രക്കാരെ കിട്ടിയാൽ മാത്രമേ യാത്ര സംഘടിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഉംറ യാത്ര നടത്തിയവരിൽനിന്ന് 190 റിയാലായിരുന്നു ഇൗടാക്കിയത്. ഇപ്പോൾ 230 റിയാലാണ് നൽകുന്നത്. റമദാൻ ആദ്യവാരം ഉംറ സംഘം പുറപ്പെടുമെന്നും പത്തു ദിവസത്തെ യാത്രയായാണ് സംഘടിപ്പിക്കുന്നതെന്നും സൽസബീൽ ഉംറ ഗ്രൂപ് ചെയർമാൻ റഹ്മത്തുല്ല മഗ്രിബി പറഞ്ഞു. വൻ തിരക്ക് കണക്കിലെടുത്ത് റമദാൻ അവസാനം ഉംറ യാത്ര സംഘടിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മദീനയിലും ആറു ദിവസം മക്കയിലുമടക്കം പത്തു ദിവസമാണ് വേണ്ടിവരുക. 250 റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇരു ഹറമുകൾക്കടുത്തുള്ള ഉയർന്ന വാടക നിരക്കുകൾ കാരണം ഉംറ നിരക്കുകൾ കൂടുതലാണ്.
സൗദി സർക്കാറിന്റെ പുതിയ വിസ നിയമം അനുസരിച്ച് നിരവധി പേരാണ് സൗദി അറേബ്യയിൽ എത്തുന്നത്. ജി.സി.സി രാജ്യങ്ങളിൽ താമസവിസയുള്ളവർക്കെല്ലാം ഒരു വർഷത്തെ മൾട്ടിപ്ൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കും. ഇൗ വിസയുള്ളവർക്ക് ഉംറയും നിർവഹിക്കാൻ കഴിയും. ഇതുകാരണം ഇരു ഹറമുകൾക്ക് സമീപമുള്ള വാടക നിരക്കുകൾ കുത്തനെ ഉയരുകയാണ്. ഇതേത്തുടർന്ന് മക്കയിലും മദീനയിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.