റമദാൻ: പഴവർഗങ്ങൾ എത്തിത്തുടങ്ങി; വില കുറയും
text_fieldsമസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ ഇനം പഴവർഗങ്ങൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. ഇതോടെ മവേല സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിലും തിരക്ക് വർധിച്ചു. റമദാനിൽ സാധാരണക്കാർ ആശ്രയിക്കുന്ന പല പഴവർഗങ്ങളും സുലഭമായി മാർക്കറ്റിലെത്തുന്നതിനാൽ ഇവക്ക് ഇപ്രാവശ്യം വില കുറയും. എന്നാൽ, ചില ഇനങ്ങളുടെ സീസൺ അല്ലാത്തതിനാൽ അവയുടെ വില വർധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
റമദാനിൽ സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന മധുരനാരങ്ങ, മുസംബി, ആപ്പിൾ, മുന്തിരി, വാഴപ്പഴം, പിയേഴ്സ് എന്നിവ മാർക്കറ്റിൽ സുലഭമായതിനാൽ ഇവയുടെ വില കുറയുമെന്ന് സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഈജിപ്തിന്റെ മധുരനാരങ്ങയാണ് ഇപ്പോൾ വിപണിയിലുള്ളത്. മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മുസംബി മാർക്കറ്റിൽ സുലഭമായുണ്ട്. ഫിലിപ്പീൻ, ഒമാൻ, എക്വഡോർ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വാഴപ്പഴവും വിപണിയിലെത്തിയിട്ടുണ്ട്.
ഒമാന്റെ തണ്ണിമത്തൻ, യമൻ, ഇന്ത്യ, കെനിയ, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മാങ്ങയും ലഭ്യമാവുന്നതിനാൽ ഇവക്ക് വില വർധിക്കില്ല. ഇന്ത്യയിൽ മുന്തിരി സീസൺ ആരംഭിച്ചതിനാൽ ഇവ ധാരാളമായി ഒമാനിലെത്തുന്നുണ്ട്. റമദാനിൽ ധാരാളമായി ഉപയോഗിക്കുന്ന ആപ്രിക്കോട്ട്, പീച്ചസ്, നട്രിൻ തുടങ്ങിയ ഇനം പഴവർഗങ്ങളുടെ സീസൺ ആരംഭിച്ചിട്ടില്ല. റമദാനിൽ ആസ്ട്രേലിയയിൽനിന്നാണ് ഈ പഴവർഗങ്ങൾ എത്തുന്നത്. ഇവ എത്തിക്കുന്നതിനുള്ള വിമാന നിരക്കും മറ്റും കൂടുതലാണ്. അതിനാൽ ഇത്തരം പഴവർഗങ്ങളുടെ വില വർധിക്കുമെന്ന് അബ്ദുൽ വാഹിദ് പറഞ്ഞു.
ഒമാൻ പച്ചക്കറി സുലഭമായി മാർക്കറ്റിലുണ്ട്. ഗുണ നിലവാരത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിൽ നിൽക്കുന്നതാണ് ഒമാൻ പച്ചക്കറി ഇനങ്ങൾ. റമദാനിൽ പൊതുവെ പച്ചക്കറികളുടെ ഉപയോഗം കുറവാണെങ്കിലും സാലഡിനും മറ്റും ഉപയോഗിക്കുന്ന കക്കിരി, കാരറ്റ് അടക്കമുള്ള ഇനങ്ങൾക്ക് വില കുറയുന്നത് പൊതുജനങ്ങൾക്ക് അനുഗ്രഹമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.