വായന വസന്തത്തിന് തിരിതെളിഞ്ഞു
text_fieldsമസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്ത് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് പവലിയനുകൾ സന്ദർശിക്കുന്നു
മസ്കത്ത്: അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു. വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹര്‍റാസി, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രസാധകര് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ മേള നടക്കുന്നത്. മാർച്ച് അഞ്ചിന് അവസാനിക്കുന്ന മേളയിൽ ദിനേന 50,000 ആളുകൾ സന്ദർശിക്കുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. ഇംഗ്ലീഷ്, അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളുള്ള പുസ്തകങ്ങളാണ് വായനക്കാരെ കാത്ത് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും പ്രവേശന സമയം. വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി പത്തുവരെയും സന്ദർശിക്കാം. മേളയിൽ പ്രവേശിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.
രണ്ട് ഡോസ് വാക്സിനടക്കമെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തുന്നവർക്ക് മാത്രമായിരിക്കും മേളയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. തെക്കന്‍ ശര്‍ഖിയയാണ് മേളയിലെ അതിഥി ഗവര്‍ണറേറ്റ്.
27 രാഷ്ട്രങ്ങളില്‍ നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. 2020ൽ 946 പ്രസാധകരായിരുന്നു പങ്കെടുത്തിരുന്നത്. 1992ൽ ആരംഭിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 26ാം പതിപ്പിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.