വായനയുടെ ഓളങ്ങൾ തീർത്ത് ‘ലോഗോസ് ഹോപ്’ സലാലയിൽ
text_fieldsമസ്കത്ത്: ഖരീഫ് സന്ദർശകർക്ക് വായനയുടെ പുത്തൻ അനുഭവങ്ങൾ പകർന്ന് ‘ലോഗോസ് ഹോപ്’ കപ്പൽ സലാല തുറമുഖത്തെത്തി. കഴിഞ്ഞ ദിവസം നങ്കൂരമിട്ട കപ്പലിന് ഊഷ്മള വരവേൽപാണ് വായനപ്രേമികൾ നൽകിയത്. ആഗസ്റ്റ് രണ്ടുവരെ സലാലയില്‍ പ്രദര്‍ശനം തുടരും.
500 ബൈസയാണ് പ്രവേശന നിരക്ക്. വൈകീട്ട് നാലു മുതല്‍ രാത്രി 10 മണി വരെ സന്ദര്‍ശകരെ അനുവദിക്കും. രാത്രി 9.30ന് ടിക്കറ്റ് വില്പന അവസാനിപ്പിക്കും. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്വാന് ബിന്‍ തുര്‍ക്കി അല്‍ സഈദ് പുസ്തകമേള സന്ദര്‍ശിച്ചു. 11 ദിവസങ്ങളിലായി മസ്കത്ത് തുറമുഖത്ത് നടത്തിയ പ്രദർശനത്തിനു ശേഷമാണ് സലാലയിലെത്തിയത്.
മസ്കത്തിൽ പുസ്തക പ്രദർശനം കാണാൻ സ്വദേശികളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. വിവിധ സാംസ്കാരിക കലാപരിപാടികളും കപ്പലിൽ സംഘടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ മൂന്നാം തവണയാണ് ഒമാനിലെത്തുന്നത്.
5000ത്തിലേറെ പുസ്തകങ്ങളാണ് ഒരുക്കിയത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം.
റുമേനിയക്കാരനായ ലോനറ്റ് വ്ലോദ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ. ഏഴു വര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം കപ്പലിലാണ് കഴിഞ്ഞുവരുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.
2005ൽ കപ്പൽ കമീഷൻ ചെയ്തതു മുതൽ 1,40,283 നോട്ടിക്കൽ മൈൽ യാത്ര ചെയ്യുകയും 77 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റർ നീളമുള്ളതാണ് കപ്പൽ. 9.34 ദശലക്ഷം സന്ദർശകർ ഇതുവരെ ലോഗോസ് ഹോപ് സന്ദർശിച്ചതായാണ് കണക്ക്. 10 ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും ചെയ്തു. ഏപ്രിൽ 10 മുതൽ റാസൽഖൈമയിൽനിന്നാണ് കപ്പൽ മേഖലയിലെ പ്രയാണം ആരംഭിച്ചത്.
ജീവനക്കാർ മുഴുവൻ ശമ്പളമില്ലാതെ സന്നദ്ധസേവകരായാണ് സേവനം അനുഷ്ഠിക്കുന്നത്. നാവികർ, എൻജിനീയർമാർ, ഇലക്ട്രീഷ്യന്മാർ, നഴ്സുമാർ, അധ്യാപകർ, പാചകക്കാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പൊതുജന സംഘടനകൾ എന്നിവരിൽനിന്ന് സ്പോൺസർഷിപ് സ്വീകരിച്ചാണ് ഇവർ കപ്പലിൽ സേവനം ചെയ്യുന്നത്. ലോകത്തിലെ 70 രാജ്യങ്ങളിലെ 140 തുറമുഖങ്ങൾ കപ്പൽ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.