ബാത്തിന മേഖലയിൽ പുനർനിർമാണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിൽ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സർക്കാർ വിങ്ങുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശനിയാഴ്ചയും മേഖലകളിൽ ശുചീകരണവും മറ്റും നടത്തി. രണ്ടായിരത്തിലധികം വീടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ശുചീകരിച്ചത്. റോഡ് തകർന്നതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇത്തരത്തിലുള്ള പല ഗ്രാമങ്ങളിലേക്ക് വെള്ളവും ഭക്ഷണവും അവശ്യവസ്തുക്കളും ശനിയാഴ്ച എത്തിക്കാൻ സാധിച്ചത് ആശ്വാസകരമാണ്. താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ വ്യാപകമായി കന്നുകാലികൾ ചത്തൊടുങ്ങി.
മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലാണ് ദുർഗന്ധം വമിച്ച് തുടങ്ങിയ കന്നുകാലികളെ സംസ്കരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി സാധാരണ ജനങ്ങളുടെ ജീവിതം വേഗം തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. െവള്ളം, വൈദ്യുതി തുടങ്ങിയവ പലയിടത്തും പുനഃസ്ഥാപിച്ചു. തെക്കൻ ബാത്തിനയിൽ 99 ശതമാനവും വടക്കൻ ബാത്തിനയിൽ 87 ശതമാനവും വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ശേഷിക്കുന്നവക്ക് ശ്രമങ്ങൾ നടക്കുകയാണ്. വടക്കൻ ബാത്തിനയിൽ സുവൈഖ്, ഖാബൂറ വിലായത്തുകളിലൊഴികെ സ്കൂളുകൾ ഞായറാഴ്ച തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സുവൈഖ്, ഖാബൂറ വിലായത്തുകളിൽ ഒക്ടോബർ 17 മുതലായിരിക്കും സ്കൂളുകൾ പ്രവർത്തനമാരംഭിക്കുക. റോയൽ ഒമാൻ െപാലീസ് സ്പെഷൽ മിഷൻ യൂനിറ്റായ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ. സഹം, ഖബൂറ, സുവൈഖ് തുടങ്ങിയ വിലായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ദേശീയ വളൻറിയർ കാമ്പയിനിെൻറ പ്രവർത്തനം. ഒാരോ മേഖലകളാക്കി തിരിച്ച് സൂപ്പർവൈസർമാരുടെ നിയന്ത്രണത്തിലായിരുന്നു സന്നദ്ധപ്രവർത്തനങ്ങൾ. ഒമാൻ റോയൽ ആർമി ഭക്ഷണം തയാറാക്കി സ്വദേശികൾക്കും വിദേശികൾക്കും വിതരണം ചെയ്തു. സായുധസേന വിഭാഗം നിരവധി റോഡുകൾ ഗതാഗതയോഗ്യമാക്കി. സമൂഹിക, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഗവർണറേറ്റുകളിൽ റിലീഫ് പ്രവർത്തനം വ്യാപകമായി നടക്കുന്നുണ്ട്. ഭക്ഷണം, വെള്ളം, പഴവർഗങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. പലസ്ഥലങ്ങളിലും ആവശ്യത്തിലധികം ഭക്ഷ്യവസ്തുക്കളാണ് എത്തിയത്. എന്നാൽ ദുരിത മേഖലക്ക് ഇനി േവണ്ടത് ഭക്ഷ്യയിതര വസ്തുക്കളാണ്. വൈദ്യുതി ഉപകരണങ്ങളും ഫർണിച്ചറുകളും മറ്റുമാണ് ആവശ്യമുള്ളതെന്ന് റിലീഫ് ആൻഡ് ഷെൽട്ടർ മേഖല കേഓഡിനേറ്റർ ഹമ്മൗദ് മന്ധാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പലയിടത്തും നിർമാണ, പാചക ഉപകരണങ്ങൾ, സാനിറ്ററി മെറ്റീരിയലുകൾക്കാണ് ക്ഷാമം.
ഷഹീൻ; മരണം 13 ആയി
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ച മസ്കത്ത് ഗവർണറേറ്റിലെ അൽ അമീറാത്തിൽനിന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായ രണ്ടുപേരെ കൂടി കണ്ടെത്തിയിട്ടുണ്ട്, ഇവർ വിദേശികളാണ്. ഇരുവരും ആരോഗ്യവാന്മാരാണെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ നടക്കുകയാണ്. നേരത്തെ വടക്ക്-തെക്ക് ബാത്തിനകളിൽ ഏഴുപേരും മസ്കത്ത് ഗവർണറേറ്റിലെ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് കുട്ടിയും റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടം തകർന്ന് രണ്ട് ഏഷ്യക്കാരും മരിച്ചിരുന്നു. വാദി മുറിച്ചുകടക്കുന്നതിനിടെ കാണാതായ ആളെ പിന്നീട് കാറിൽ മരിച്ച നിലയിൽ റുസ്തഖിൽനിന്ന് കെണ്ടത്തിയിരുന്നു. മറ്റൊരാളെ മരിച്ച നിലയിലും പിന്നീട് കണ്ടെത്തി. ഒക്ടോബർ മൂന്നിന് രാത്രി 8.25ന് ആണ് ഷഹീൻ ഒമാെൻറ തീരം തൊടുന്നത്. ഇതേത്തുടർന്ന് മുസന്ന, സുവൈഖ്, വടക്ക്-തെക്കൻ ബാത്തിന ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ചുഴലിക്കാറ്റ് ഏറെ ബാധിച്ചത് ഒമാെൻറ വടക്കൻ മേഖലയെയാണ്.
ഇൗ േമഖലയിലെ ബാത്തിന ഗവർണറേറ്റുകളിൽ വ്യാപകനാശമാണ് കാറ്റ് വിതച്ചത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നത്. ചളിയും വെള്ളവും കയറി വീടുകളും കടകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത് വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടന്നു. വെള്ളിയാഴ്ച നടന്ന ശുചീകരണ യജ്ഞത്തിൽ മലയാളികളടക്കം സന്നദ്ധ സംഘടനകളാണ് പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.