വിദേശജോലി: റിക്രൂട്ട്മെന്റ് തട്ടിപ്പുകാരെ സൂക്ഷിക്കണം, മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
text_fieldsമസ്കത്ത്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത നിയമവിരുദ്ധ റിക്രൂട്ടിങ് ഏജന്റുമാർ നിരവധിയാണ്. കേരളത്തിലടക്കം ഇത്തരം വ്യാജകേന്ദ്രങ്ങൾ നടത്തിയവർ പിടിയിലായിരുന്നു. ഇവർ വ്യാജവും നിയമവിരുദ്ധമായ ജോലികൾ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽനിന്ന് വൻ തുകകൾ ഈടാക്കുകയും ചെയ്യും.
ഫേസ്ബുക്ക്, വാട്ട്സ്ആപ്, ടെക്സ്റ്റ് മെസേജുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. കൃത്യമായ ഓഫിസോ വിലാസമോ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പരാതിയിൽ നടപടിയെടുക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ സാധിക്കാറില്ല.
ഗൾഫ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണ്. വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചശേഷം മറ്റു ജോലികൾക്ക് പ്രേരിപ്പിച്ച നിരവധി പരാതികൾ അടുത്തിടെ ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
തൊഴിലന്വേഷകർ വിദേശങ്ങളിലേക്ക് പുറപ്പെടുന്നതിനുമുമ്പ് തൊഴിൽ കരാർ പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ ഒപ്പിട്ട തൊഴിൽ കരാറിനു മാത്രമേ സാധുതയുള്ളൂ. തൊഴിൽ കരാറിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തതയുണ്ടാകണം.
രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് ഏജന്റുമാർ ഇന്ത്യൻ ഗവൺമെന്റ് കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ തൊഴിലന്വേഷകരെ നിർബന്ധമായും ചേർക്കണം. മരണപ്പെട്ടാൽ 10 ലക്ഷവും ജോലി സംബന്ധമായ പരിക്കുകൾക്കും ചികിത്സ ചെലവടക്കം ആനുകൂല്യങ്ങൾ ലഭിക്കും.
ഒറ്റത്തവണ പ്രീമിയം 275 രൂപയാണ് രണ്ട് വർഷത്തേക്കുള്ള കവറേജിന് നൽകേണ്ടത്. 375 രൂപ പ്രീമിയമടച്ചാൽ മൂന്ന് വർഷം കവറേജ് ലഭിക്കും.www.emigrate.gov.in-ൽ അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ പട്ടിക ലഭ്യമാണ്. ഇന്ത്യൻ എമിഗ്രേഷൻ നിയമം അനുസരിച്ച്, രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജന്റുമാർക്ക് 30,000 രൂപ + 18 ശതമാനം ജി.എസ്.ടിയാണ് സേവന ഫീസായി വിദേശത്തേക്ക് പോകുന്നവരിൽനിന്ന് ഈടാക്കാവുന്ന പരമാവധി തുക. വാങ്ങിയ തുകയുടെ രസീത് നൽകണമെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
റിക്രൂട്ട്മെന്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ +917428321144 എന്ന വാട്സ്ആപ്പ് നമ്പറിലോ helpline@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.