ആരാധകർക്ക് റെഡ്വാരിയേഴ്സിന്റെ ഈദിയ
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ കുവൈത്തിനെതിരെ വിജയം സ്വന്തമാക്കി ഒമാൻ. കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് റെഡ്വാരിയേഴ്സ് ആതിഥേയരെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയാണ് ഒമാനുവേണ്ടി വലകുലുക്കിയത്. ഇതോടെ ഗ്രൂപിൽനിന്ന് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യതയും ഒമാന് സജീവമാക്കാനായി. എട്ടു കളിയിൽനിന്ന് 10പോയന്റുമായി നാലാം സ്ഥാനത്താണ് റഷീദ് ജാബിറിന്റെ കുട്ടികൾ.
പതിയെ തുടങ്ങിയ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ മിനിറ്റുകളിൽ. എന്നാൽ, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന ആത്മ വിശ്വാസത്തിൽ പന്തുതട്ടാനിറങ്ങിയ കുവൈത്ത് ഒമാനെ വിറപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടിരുന്നത്. പ്രതിരോധം ശക്തമാക്കിയായിരുന്നു റെഡ് വാരിയേഴ്സ് ഇതിനെ നേരിട്ടിരുന്നത്. പതിയെ ഒമാനും മത്സരത്തിലേക്ക് തിരിച്ചെത്തിയതോടെ കളിക്ക് ചടുലത കൈവന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഒമാൻ നടത്തിയെങ്കിലും ഗോൾ മാത്രം നേടനായില്ല. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങിയപ്പോൾ നേരിയ മുൻതൂക്കം കുവൈത്തിനായിരുന്നു.
ആദ്യം ഗോൾ നേടി ആധ്യപത്യം പുലർത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇരുടീമുകളും രണ്ടാം പകുതിയിൽ ഇറങ്ങിയിരുന്നത്. ഇടതുവലതുവിങ്ങുകളിലൂടെ കളം നിറഞ്ഞ് കളിച്ച ഒമാൻ താരങ്ങൾ എതിർ ഗോൾമുഖത്ത് നിരന്തരം ഭീഷണി വിതച്ചുകൊണ്ടിരുന്നു. പലതും ഗോളിയുടെ മികവിനാലായിരുന്നു ലക്ഷ്യം കാണാതെ പോയിരുന്നത്. കൗണ്ടർ അറ്റാക്കുകളിലൂടെ കുവൈത്തും മുന്നേറ്റം നടത്തിങ്കിലും എതിർ പ്രതിരോധ മതിലിൽ തട്ടി മുനയൊടിഞ്ഞപോകുകയായിരുന്നു.
ഒടുവിൽ തടിച്ച് കൂടിയ ആരാധകരെ സന്തോഷത്തിലാക്കി ഒമാൻ വലുകുലുക്കി. ഗ്രൗണ്ടിന്റെ വലുതുഭാഗത്ത് നിന്ന് നീട്ടിക്കിട്ടിയ പന്ത് വളരെ മനോഹരമായി ഹെഡ്ഡിലൂടെ ഇസ്ലാം അൽ സുബ്ഹി വലയിലെത്തിക്കുകയായിരുന്നു. സമനിലക്കായി കുവൈത്ത് കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. വിജയത്തോടെ അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിനെക്കാൾ അഞ്ചു പോയന്റ് ലീഡ് നേടാൻ ഒമാന് സാധിച്ചു. ഇനി മൂന്നാം റൗണ്ടിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂണിൽ ജോർഡനെയും ഫലസ്തീനെയും ആണ് ഒമാൻ നേരിടേണ്ടത്.
ഗ്രൂപിലെ ആദ്യ രണ്ടു സ്ഥാനക്കാർ 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. മൂന്നും നാലും സഥാനക്കാർ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും. ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഫലസ്തീൻ 2-1ന് വിജയം നേടി ഇറാഖിനെ ഞെട്ടിച്ചു. ദക്ഷിണ കൊറിയയും ജോർഡനും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപിൽ ദക്ഷിണ കൊറിയയും ജോർഡനുമാണ് ഒന്നും രണ്ടും സഥാനങ്ങളിൽ. ഇറാഖാണ് മൂന്നാമത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.