ഒമാന് പരിചയം മണിക്ഫാൻ എന്ന കപ്പൽ നിർമാതാവിനെ
text_fieldsമസ്കത്ത്: രാജ്യം പത്മശ്രീ നൽകി ആദരിച്ച ബഹുമുഖ പ്രതിഭ അലി മണിക്ഫാെൻറ പെരുമ കടൽ കടന്ന് ഇങ്ങ് ഒമാനിലുമെത്തിയിട്ടുണ്ട്. മണിക്ഫാൻ എന്ന കപ്പൽ നിർമാതാവിനെയാണ് ഒമാന് പരിചയം. 40 വർഷം മുമ്പ് അലി മണിക്ഫാെൻറ നേതൃത്വത്തിൽ നിർമിച്ച പരമ്പരാഗതമായ അറേബ്യൻ പായ്കപ്പൽ ഇന്നും മസ്കത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മസ്കത്തിലെ അൽ ബുസ്താൻ മേഖലയിൽ ഒമാൻ പാർലമെൻറിന് മുന്നിലായുള്ള പാലസ് റൗണ്ട് എബൗട്ടിൽ സ്ഥാപിച്ചിട്ടുള്ള ഇൗ കപ്പലിെൻറ ഇന്ത്യൻ ബന്ധത്തെ കുറിച്ച് പ്രവാസികൾ പലരും അജ്ഞരാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന സിൻബാദ് എന്ന സാഹസികനായ കടൽ സഞ്ചാരിയെ കുറിച്ച കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അന്താരാഷ്ട്ര സമുദ്ര സഞ്ചാരിയായ ടിം സെവറും സംഘവും ഒമാനിൽ നിന്ന് ചൈനയിലേക്ക് നടത്തിയ യാത്രക്കായാണ് ഇൗ കപ്പൽ നിർമിച്ചത്. 1976ലാണ് ടിം സെവറിൻ ഇൗ യാത്രക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. സിൻബാദ് ഉപയോഗിച്ചത് പോലുള്ള പുരാതന കാലത്തെ അറബിക്കപ്പൽ നിർമിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് യാത്രയുടെ രൂപരേഖ തയാറായത്. കപ്പൽ നിർമിക്കാൻ പറ്റിയ ആളുകളെ കുറിച്ച അന്വേഷണം ഒടുവിൽ മണിക്ഫാനിലേക്ക് എത്തി. ഒമാനിലെ സൂറിൽവെച്ച് കപ്പൽ നിർമിക്കാനായിരുന്നു തീരുമാനം. വെല്ലുവിളി ഏറ്റെടുത്ത മണിക്ഫാൻ കേരളത്തിൽ നിന്നുള്ള ആശാരികളടക്കം മുപ്പത് പണിക്കാരുമായി സൂറിലെത്തി. ഒരു വർഷം സമയമെടുത്താണ് പുരാതന മാതൃകയിലുള്ള അറേബ്യൻ പായ്കപ്പൽ നിർമിച്ചത്. 27 മീറ്ററോളം നീളമുള്ള ഇൗ കപ്പലിെൻറ നിർമാണത്തിന് കേരളത്തിൽ നിന്ന് ഇറക്കുമതി ചെയ്ത അയനി മരവും കയറും ചകിരിയും മാത്രമാണ് ഉപയോഗിച്ചത്. മരപ്പലകകൾ കയർ ഉപയോഗിച്ച് കൂട്ടികെട്ടിയായിരുന്നു നിർമാണം. നാല് ടൺ കയറാണ് കപ്പലിെൻറ നിർമാണത്തിന് ഉപയോഗിച്ചത്. 640 കിലോമീറ്ററായിരുന്നു കയറിെൻറ മൊത്തം നീളം. സിൻബാദിെൻറ കപ്പലിെൻറ പേരായ സൊഹാർ എന്ന പേരാണ് ഇതിന് ഇട്ടത്. ഒരു വർഷത്തോളം സമയമെടുത്താണ് നിർമാണം പൂർത്തിയായത്. 1980 നവംബർ 21നാണ് ടിം സെവറിനും സംഘവും കപ്പലിൽ സൂറിൽ നിന്ന് യാത്ര പുറപ്പെട്ടത്. സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അധികാരത്തിലേറിയതിെൻറ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സംഘത്തിെൻറ യാത്ര. സിൻബാദിെൻറ യാത്രാപഥത്തിലൂടെ ചൈനയിലെ കാൻറൺ വരെയുള്ള 9600 കിലോമീറ്റർ ദൂരം എട്ടുമാസമെടുത്താണ് സംഘം താണ്ടിയത്. ലക്ഷദ്വീപും കോഴിക്കോടുമെല്ലാം പിന്നിട്ടായിരുന്നു ഇവരുടെ യാത്ര. പ്രതികൂല കാലാവസ്ഥയെ തുടർന്നും മറ്റും കേടുപാടുകൾ സംഭവിച്ച 'സൊഹാർ' കപ്പലിനെ ചരിത്രയാത്രയിലെ നാവികനോടും കപ്പൽ നിർമാതാവിനോടുമുള്ള ആദര സൂചകമായി പിന്നീട് മസ്കത്തിൽ സ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.