ഒമാനുമായുള്ള ബന്ധം സൗഹൃദത്തിലധിഷ്ഠിതം -ഇറാൻ വിദേശകാര്യമന്ത്രി
text_fieldsമസ്കത്ത്: ഒമാനും ഇറാനും തമ്മിലുള്ള ബന്ധം സൗഹൃദം, പരസ്പര ബഹുമാനം, പൊതുവായ ആശങ്കയുള്ള വിവിധ വിഷയങ്ങളിൽ സംയുക്ത സഹകരണം എന്നിവയിൽ അധിഷ്ഠിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി പറഞ്ഞു.
വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും മേഖലയിലെ സമകാലിക സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സുൽത്താനേറ്റ് കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലെ അയൽപക്ക ബന്ധം, ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെ ആഴം, അവരെ ഒന്നിപ്പിക്കുന്ന സാമ്പത്തിക താൽപര്യങ്ങളുടെ സ്ഥിരമായ വളർച്ച എന്നിവ കൂടിക്കാഴ്ചയിൽ ഇരു മന്ത്രിമാരും ഊന്നിപ്പറഞ്ഞു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് പിന്മാറാൻ ഇസ്രായേൽ വിസമ്മതിക്കുകയും യു.എൻ പ്രമേയങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ധിക്കരിച്ച് ലബനാനിലും ഗസ്സ മുനമ്പിലും ഇസ്രായേൽ തുടരുന്ന ആക്രമണത്തിന്റെ ഫലമായുണ്ടാകുന്ന മേഖലയിലെ നിലവിലെ പ്രശ്നങ്ങളും വെല്ലുവിളികളും ഇരുപക്ഷവും ചർച്ച ചെയ്തു.
മുഴുവൻ മേഖലക്കും സുരക്ഷയും സ്ഥിരതയും വളർച്ചയും നിലനിർത്തുന്ന വിധത്തിൽ സഹകരണം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പങ്കാളിത്തം ഏകീകരിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും അടിവരയിട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.