നിയന്ത്രണങ്ങളിൽ ഇളവ്; ജീവിത താളങ്ങളിലേക്ക് ഒമാൻ
text_fieldsമസ്കത്ത്: കോവിഡിനെ വകഞ്ഞുമാറ്റി ജീവിതത്തിെൻറ പുതിയ താളങ്ങളിലേക്ക് ഒമാൻ നടന്നടുക്കുന്നു. ആർ.ടി.പി.സി.ആർ പരിശോധനയടക്കം ഒഴിവാക്കിയുള്ള കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനങ്ങൾ ജീവിതയാത്രക്ക് കൂടുതൽ വേഗം പകരുമെന്നാണ് കരുതുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിന് കഴിഞ്ഞ ദിവസം മുതൽ ഇളവു നൽകിയിട്ടുണ്ടെങ്കിലും ഇൻഡോർ പരിപാടികൾക്ക് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒപ്പം ഹോട്ടലുകളും പൂർണതോതിൽ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. നേരിട്ട് ക്ലാസുകൾ തുടങ്ങുന്നതോടെ മാർച്ച് ആറു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജീവമാകും. കോവിഡിനെതിരെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് രാജ്യം നടത്തിയത്. ലോക് ഡൗൺ, രാത്രിയാത്ര വിലക്ക്, രാജ്യ അതിർത്തി അടച്ചിടൽ, വാക്സിനേഷൻ ഉൗർജിതമാക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടതാണ് കോവിഡ് കേസുകൾ നിയന്ത്രിക്കാൻ സഹായകമായത്. രാജ്യത്തെ കോവിഡ് കേസുകൾ ഇതിന് മുമ്പും കുറഞ്ഞിരുന്നുവെങ്കിലും കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർ തയാറായിരുന്നില്ല. പല യൂറോപ്യൻ രാജ്യങ്ങളും കേസുകൾ കുറഞ്ഞ അവസരത്തിൽ ഇളവുകൾ നൽകിയിരുന്നു. ഇതു പിന്നീട് രോഗികളുടെ വൻ കുതിച്ച് ചാട്ടത്തിന് വഴിവെക്കുകയും ചെയ്തു.
ഈ ഒരു സാഹചര്യത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്നത് ഒഴിവാക്കാനായിരുന്നു ഘട്ടംഘട്ടംമായി നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്. വാക്സിനടക്കമുള്ള നടപടികളാൽ കോവിഡ് കേസുകൾ കുറഞ്ഞു കൊണ്ടിരിക്കെയാണ് പുതിയ ഭീഷണിയായി ഒമിക്രോൺ എത്തുന്നത്. ഡിസംബറിൽ പ്രതിദിനകേസുകൾ 100 വരെ ആയിരുന്നെങ്കിൽ ജനുവരി പകുതി തൊട്ട് കുതിച്ചുയരാൻ തുടങ്ങി. പല ദിവസങ്ങളിലും ആയിരത്തിനും രണ്ടായിരത്തിനും ഇടക്കായി രോഗ ബാധിതർ. വ്യാപനതോത് മറ്റു വകഭേദങ്ങളെക്കാൾ ഒമിക്രോണിന് കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ നടപടികൾ ശക്തമാക്കുകയും ചെയ്തു. ഒരിടവേളക്കുശേഷം വെള്ളിയാഴ്ച പ്രാർഥന നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി നിർദേശം നൽകി. തൊഴിലിടങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചു.
മിക്ക ഗവർണറേറ്റുകളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു കർശന നടപടി. എന്നാൽ, രണ്ടാഴ്ചത്തെ നിയന്ത്രണം ഫലം കണ്ട് തുടങ്ങിയതോടെ വെള്ളിയാഴ്ച പ്രാർഥന പുനരാരംഭിക്കുകയും ഹാളുകളിലും മറ്റും പരിപാടികൾ 70 ശതമാനം ശേഷിയിൽ നടത്താനും അനുമതി നൽകി. കളിമുറ്റങ്ങളിലാണ് കൂടുതൽ ഉണർവ് വന്നിട്ടുള്ളത്. ടൂർ ഓഫ് ഒമാൻ, അയൺമാൻ, ക്രിക്കറ്റ്, ഹോക്കി തുടങ്ങി വിവിധ രാജ്യാന്തര മത്സരങ്ങൾക്ക് രാജ്യം വേദിയായി. സാംസ്കാരിക രംഗത്ത് ഉണർവേകി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയും തുടങ്ങി. രണ്ടു വർഷത്തെ ഇടവേളക്കു ശേഷമെത്തിയ പുസ്തകമേളക്ക് മികച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നുള്ളത്.
ദിനേനെ ആയിരങ്ങളാണ് ഓേരാ പവലിയനിലും എത്തുന്നത്. കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.