ഇന്ധനങ്ങളുടെ വിശ്വാസ്യത; മൊബൈൽ ലബോറട്ടറി പരിശോധനക്ക് തുടക്കം
text_fieldsമസ്കത്ത്: ഇന്ധനങ്ങളുടെ വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കാനായി മൊബൈൽ ലബോറട്ടറി പരിശോധനക്ക് തുടക്കം കുറിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഉപഭോക്താക്കൾക്ക് നൽകുന്ന ഇന്ധനത്തിന്റെ അളവും ഗുണനിലവാരവും അളക്കുന്നതിന് മസ്കത്ത്, ദോഫാർ, വടക്കൻ ബാത്തിന എന്നീ മൂന്ന് ഗവർണറേറ്റുകളിലാണ് ആദ്യ സേവനം ലഭ്യമാകുക.
മൊബൈൽ ലാബ് സേവനം സുൽത്താനേറ്റിൽ ആദ്യത്തേതും ജി.സി.സിയിൽ രണ്ടാമത്തേതുമാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ സ്റ്റാൻഡേർഡ് ആൻഡ് മെട്രോളജി ഡയറക്ടർ ജനറൽ ഇമാദ് ഖമീസ് അൽ ഷുകൈലി പറഞ്ഞു. പരാതികൾ കുറക്കുക, കൃത്രിമം തടയുക, ഉപഭോക്താക്കൾക്ക് കൃത്യമായ അളവ് ഉറപ്പാക്കുക, ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുക, ഇന്ധന സ്റ്റേഷനുകളുടെ നിയന്ത്രണത്തിൽ ആത്മവിശ്വാസം വളർത്തുക എന്നിവയാണ് മൊബൈൽ ലാബ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ധന സ്റ്റേഷൻ ഉടമകൾ പ്രാദേശികവും അന്തർദേശീയവുമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി ഇന്ധനത്തിന്റെ അളവിലും തരത്തിലുമുള്ള ചട്ടങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കാനും മൊബൈൽ ലാബുകൾ സഹായിക്കുമെന്നും ഷുകൈലി കൂട്ടിച്ചേർത്തു. എം91, എം95, എം98 തുടങ്ങിയ ഇന്ധനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൊബൈൽ ലാബുകളിൽ നൂതന ഉപകരണങ്ങൾ സജ്ജീകരിക്കുമെന്നും ഷുകൈലി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.