തൊഴിലാളികൾക്ക് ആശ്വാസം: ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
text_fieldsമസ്കത്ത്: കത്തുന്നചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാവർഷവും പ്രഖ്യാപിക്കാറുള്ള ഉച്ചവിശ്രമവേള ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തു ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽസുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ ഒരുക്കിയിട്ടുണ്ട്. അതേസമയം, ഇതു ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതാണെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്.
ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118 ലെ വ്യവസ്ഥകളനുസരിച്ചു മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോയെന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും.
നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു.
ചൂടുകാലത്ത് ആളുകൾ തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണമെന്ന് ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ഇടക്കിടെ വെള്ളം കുടിക്കുക, അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവ ചൂടുകാലത്ത് സ്വീകരിക്കാവുന്ന കാര്യങ്ങളാണെന്ന് അധികൃതർ പറഞ്ഞു.
തലകറക്കം, ബലഹീനത, ഉത്കണ്ഠ, കടുത്ത ദാഹവും തലവേദനയും എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, കഴിയുന്നത്ര വേഗം തണുത്ത സ്ഥലത്തേക്കു മാറി നിങ്ങളുടെ താപനില പരിേശാധിക്കണം. റീഹൈഡ്രേറ്റ് ചെയ്യാൻ വെള്ളമോ പഴച്ചാറോ കുടിക്കണമെന്നും നിർദേശിച്ചു.
ചൂടുള്ള സമയത്ത് മുറിയിലെ താപനില പകൽ സമയത്ത് 32 ഡിഗ്രി സെൽഷസിലും രാത്രിയിൽ 24 ഡിഗ്രി സെൽഷസിലും താഴെയായിരിക്കണം. 60 വയസ്സിനു മുകളിലുള്ളവർക്കും ശിശുക്കൾക്കും അല്ലെങ്കിൽ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇത് വളരെ പ്രധാനമാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.