മഴക്ക് ശമനം; വീണ്ടും വരുന്നു ഇരട്ട ന്യൂനമർദം
text_fieldsമസ്കത്ത്: ഒമാനിൽ വീണ്ടും ഇരട്ട ന്യൂനമർദ മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. ഒരു ന്യൂനമർദം മാർച്ച് നാലുമുതൽ ആറുവരെയും മറ്റൊന്ന് മാർച്ച് എട്ട് മുതലും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ തീരത്തും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ന്യൂനമർദത്തിന്റെ ഭാഗമായുള്ള മഴക്ക് വെള്ളിയാഴ്ച ശമനമുണ്ടായി. മസ്കത്തടക്കമുള്ള ഗവർണറേറ്റുകളിൽ രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ നീങ്ങി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ രണ്ട് കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. ദാഹിറ ഗവർണറേറ്റ് ഇബ്രി വിലായത്തിലെ വാദിയിൽ അകപ്പെട്ടായിരുന്നു മരണം.
അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏഴും 11ഉം വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റോയൽ ഒമാൻ പൊലീസിലെ (ആർ.ഒ.പി) പബ്ലിക് റിലേഷൻസ് ഡിപാർട്മെന്റ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹഷാമി പറഞ്ഞിട്ടുണ്ട്. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു വടക്കൻ ഗവർണറേറ്റുകളിൽ മഴ കോരിച്ചൊരിഞ്ഞത്. കാറ്റിൽ നിരവധി ഇടങ്ങളിൽ വാണിജ്യസ്ഥാപനങ്ങളുടെയും മറ്റും മേൽക്കൂരകളും ബോർഡുകളും പാറിപ്പോകുകയും ചെയ്തിരുന്നു. റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റും മാറി നിൽക്കണമെന്നും കപ്പൽ യാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിനുള്ളിലെ പാർക്കുകളും ഗാർഡനുകളും താൽക്കാലികമായി അടച്ചു.
കാലാവസ്ഥ സ്ഥിരത പ്രാപിച്ചതിനു ശേഷം ഇവ സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബർക്കയിലാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലായി 134 മില്ലീമീറ്റർ മഴയാണ് കിട്ടിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഇബ്രി-75 , ഖാബൂറ-70 , യാങ്കുൾ-64 , മുസന്ന -52 , സുഹാർ-44 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ തോത്.
വാദി മുറിച്ചുകടക്കൽ; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: കുത്തിയൊലിക്കുന്ന വാദി വാഹനമുപയോഗിച്ച് മുറിച്ച് കടക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റുചെയ്തു. ധങ്കിലെ വിലായത്തിലായിരുന്നു സംഭവം. സ്വന്തവും രക്ഷാപ്രവർത്തകരുടെയും ജീവൻ അപകടപ്പെടുത്തുന്ന വിധമായിരുന്നു ഇയാളുടെ പ്രവർത്തനം. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇയാളെ പിടികൂടിയത്. നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.