ഒമാനിൽ മഴക്ക് ശമനം; അനിഷ്ടസംഭവങ്ങളില്ല
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി കുറച്ചു ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴക്ക് ശമനം. അനിഷ്ടസംഭവങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ.
മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി, മസ്കത്ത്, സലാല തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത്. ഉൾഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നേരിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ. പലയിടത്തും വാദികൾ രൂപപ്പെട്ടു. വാദികൾ മുറിച്ചുകടക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശം നൽകിയിരുന്നു.
മസ്കത്ത് ഗവർണറേറ്റിലെ ഭൂരിഭാഗം വിലായത്തുകളിലും ഒറ്റപ്പെട്ട മഴയായിരുന്നു ശനിയാഴ്ച ലഭിച്ചത്. പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അതേസമയം, മഴ ഞായറാഴ്ച രാവിലെവരെ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ്. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, അൽവുസ്ത, ദാഖിലിയ, മസ്കത്ത് ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. വിവിധ ഇടങ്ങളിൽ പത്തുമുതൽ 70 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 74 കി.മീ. വേഗത്തിലായിരിക്കും കാറ്റ്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കും. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.