പുരാതന ശിലായുഗത്തിലെ അവശിഷ്ടം കണ്ടെത്തി
text_fieldsമസ്കത്ത്: രാജ്യത്ത് പുരാതന ശിലായുഗകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്നുവെന്ന് തെളിവ് നൽകുന്ന ശിലാ രൂപങ്ങളുടെയും മറ്റും അവശിഷ്ടം കണ്ടെത്തി. ഇത് ചരിത്രാധീത കാലം മുതൽക്ക് തന്നെ ഒമാനിൽ ജനവാസവും സംസ്കാരവുമുണ്ടായിരുന്നുവെന്നതിന് തെളിവാണ്. ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്ല വിലായത്തിലെ ബിസിയയിലാണ് അവശിഷ്ടം കണ്ടെത്തിയത്. ഒമാൻ പാരമ്പര്യ ടൂറിസം മന്ത്രാലയം, ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം, ഫ്രഞ്ച് നാഷനൽ റിസർച് സെൻറർ, പാരീസ് സോർബോൺ യൂനിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ ഡോ. മാർട്ടിൻ സൗവേജ്, ഡോ. മാതിൽജോ ജീൻ എന്നിവർ നയിക്കുന്ന സംഘമാണ് കണ്ടുപിടിത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പുരാതന ശില കാലഘട്ടം മുതൽ വെങ്കല യുഗത്തിന്റെ ആദ്യഘട്ടം വരെ ഒമാനിലുണ്ടായിരുന്ന സാംസ്കാരിക പെരുമയാണ് ഗവേഷകർ പഠനവിഷയമാക്കുന്നത്. അൽ ദാബിയിലെ വെങ്കല യുഗ അവശിഷ്ട മേഖലയിലും ഈ സംഘം ഗവേഷണം നടത്തിയിരുന്നു.
മധ്യഒമാനിലെ പുരാതന കാലത്ത് ജനവാസവും സംസ്കാരവും നിലനിന്നിരുന്നു എന്നതിന് തെളിവ് കൂടിയാണിത്. ഇവിടെ ഹാഫീസ് കാലഘട്ടം എന്നറിയപ്പെടുന്ന ബി.സി 3200-2700 നും ഇടയിലേതെന്ന് വിശ്വസിക്കുന്ന രണ്ട് ശവകുടീരങ്ങൾ കണ്ടെത്തിയിരുന്നു. ഇവയിൽ ഒന്ന് ബി.സി 2700 നും 2000 നുമിടയിലുള്ള 'നാർ'കാലഘട്ടത്തിൽ വീണ്ടും ഉപയോഗിച്ചിരുന്നു. മനുഷ്യന്റെ അസ്ഥികൾ, പ്രാദേശികവും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതുമായ പാത്രങ്ങൾ, ചിപ്പി, വൈരക്കല്ലുകൾ എന്നിവ കൊണ്ടുള്ള മാലകൾ എന്നിവ കണ്ടെത്തിയിരുന്നു. ഇവിടെ കണ്ടെത്തിയ ശവ കുടീരങ്ങൾ പുരാതന ഒമാന് പുരാതന സംസ്കാരമായ പേർഷ്യൻ സംസ്കാരവുമായും സിന്ധു നദീതട സംസ്കാരവുമായും പുരാതന കാലം മുതൽക്കെ ബന്ധമുണ്ടായിരുന്നു എന്നതിന് മികച്ച തെളിവ് കൂടിയാണ്. ബി.സി 2700 മുതൽ 2000 ബി.സിവരെയുള്ള ഉമ്മുനാർ കാലഘട്ടത്തിൽ കല്ല് കൊണ്ടും കട്ട കൊണ്ടും നിർമിച്ച നിരവധി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഉത്ഖനനം ചെയ്തു.
കാർഷിക വിഭവങ്ങൾ സൂക്ഷിക്കുന്നതിനുപയോഗിക്കുന്നതെന്ന് വിശ്വസിക്കുന്ന ചില മുറികളുടെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഒരു കെട്ടിടത്തിന്റെ തറ നിരപ്പിൽ നിന്ന് നിത്യ ജീവിതത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കളും കണ്ടെത്തി. ഭക്ഷണം തയാറാക്കുന്നതിനുള്ള പാത്രങ്ങൾ, അമ്മികൾ എന്നിവ ഇതിൽ ഉൾപ്പെടും. പുരാതന കാലത്തേതെന്ന് കരുതുന്ന നിരവധി കലവറകളും തീകൂട്ടുന്ന ഇടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ശരിയായ കാലപ്പഴക്കം റേഡിയോ കാർബൺ രീതി ഉപയോഗിച്ച് കണ്ടെത്തേണ്ടതുണ്ട്. അൽദാബിയുടെയും ബിസിയയുടെയും ചരിത്രത്തിന് ചുരുങ്ങിയത് 5000 വർഷങ്ങളുടെയെങ്കിലും പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.