ഒമാനിൽ മരിച്ച രമ്യക്ക് ജന്മദേശത്ത് അന്ത്യവിശ്രമം
text_fieldsമസ്കത്ത്്/കൂട്ടാലിട: വിദേശത്ത് തങ്ങൾക്ക് പിറന്ന കുഞ്ഞുമായി നാട്ടിലേക്ക് വരുമ്പോഴുള്ള സന്തോഷം സ്വപ്നം കണ്ടിരുന്ന റജുലാലിന് തെൻറ പ്രിയതമയുടെ ചേതനയറ്റ ശരീരവുമായാണ് നാട്ടിലേക്ക് വരേണ്ടി വന്നത്. ആറ്റു നോറ്റുണ്ടായ രണ്ടാമത്തെ കുഞ്ഞ് ആഴ്ചകൾക്കു മുമ്പ് രമ്യയുടെ ഗർഭപാത്രത്തിൽ വെച്ചുതന്നെ മരണത്തിനു കീഴടങ്ങിയിരുന്നു. മകളുടെ പ്രസവത്തിന് ഒമാനിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു അമ്മ സുലോചന. പോകേണ്ടതിെൻറ ഒരാഴ്ച മുമ്പാണ് രമ്യക്ക് കോവിഡാണെന്നും ഇപ്പോൾ വരേണ്ടതില്ലെന്നും അറിയിച്ചത്. പിന്നീട് ഊണും ഉറക്കവുമില്ലാതെ രണ്ട് മാസത്തോളമായി ഈ അമ്മ മകളുടെ ജീവനുവേണ്ടിയുള്ള പ്രാർഥനയിലായിരുന്നു.
എന്നാൽ എല്ലാ പ്രാർഥനകളും വിഫലമാക്കി രമ്യ യാത്രയായി. കോവിഡ് നെഗറ്റിവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ച് മേയ് ഒമ്പതിന് അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രമ്യയുടെയും കുഞ്ഞിെൻറയും ജീവന്‍ രക്ഷിക്കുന്നതിന് അവർ ജോലി ചെയ്തിരുന്ന ഒമാന്‍ റുസ്താഖ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കഠിനയത്നം നടത്തിയെങ്കിലും ഫലം ചെയ്തില്ല. ഭര്‍ത്താവ് റജുലാലും മകൾ നാലു വയസ്സുകാരി നക്ഷത്രയും ഒമാനിലാണ് താമസം. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യ മൂന്നു വർഷം മുമ്പാണ് ഒമാനിലേക്ക് പോയത്. ഇതിനിടയിൽ പിതാവ് മുണ്ടക്കൊല്ലി രാജൻ മരിച്ചപ്പോൾ നാട്ടിൽ വന്നിരുന്നു.
സ്വന്തം വീടായ നരയംകുളത്ത് ചവേലകുളങ്ങര വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. ഭർത്താവ് റജുലാൽ ഉണ്ണികുളം വള്ളിയോത്ത് സ്വദേശിയാണ്. തിങ്കളാഴ്ച പുലർച്ച കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രാവിലെ 8.30ഓടെ വീട്ടിലെത്തിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഫിബിൻ ലാൽ, രണ്ടാം വാർഡ് അംഗം ടി.പി. ഉഷ എന്നിവരുടെ നേതൃത്വത്തിൽ ആർ.ആർ.ടി വളൻറിയർമാർ സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.