റൂവിയിലെ പുതുക്കിപ്പണിത റോഡ് യാത്രക്കാർക്ക് ആശ്വാസമാകുന്നു
text_fieldsമസ്കത്ത്: റൂവി ഖാബൂസ് മസ്ജിദിനു പിൻവശത്തുകൂടി ഒമാൻ സെൻട്രൽ ബാങ്ക് റോഡിലേക്ക് പോവുന്ന റോഡ് പുതുക്കിപ്പണിഞ്ഞത് യാത്രക്കാർക്ക് അനുഗ്രഹമാവുന്നു. ഏറെ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡ് വാഹനം ഓടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഏറെ പ്രയാസം സൃഷടിച്ചിരുന്നു. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. തെട്ടടുത്ത ഓവ് ചാലിൽനിന്ന് സദാ മലിനജലം ഒഴുകിയെത്തുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഏറെ പ്രധാന്യമുള്ള റോഡാണെങ്കിലും വർഷങ്ങളായി അധികൃതരുടെ ശ്രദ്ധ എത്താതിരുന്ന റോഡാണ് അടുത്തിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. റോഡ് താഴ്ന്നുകിടക്കുന്നതിനാൽ മഴ പെയ്യുമ്പോൾ ചുറ്റുപാടുമുള്ള ഉയർന്ന സ്ഥലങ്ങളിൽ വെള്ളം റോഡിലേക്ക് കുത്തിയൊലിക്കുന്നതാണ് വെള്ളം കെട്ടിക്കിടക്കാനുള്ള പ്രധാന കാരണം. വെള്ളം ഒഴുകിപ്പോവാൻ അഴുക്കുചാലില്ലാത്തതും റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമായിരുന്നു.
ഇതൊക്കെ പരിഹരിക്കാനാണ് അടുത്തിടെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. മാസങ്ങളോളം റോഡ് അടച്ചിട്ടായിരുന്നു അറ്റകുറ്റപ്പണി. പഴയ റോഡ് കേൺക്രീറ്റും കമ്പിയും കെട്ടി ഏതാനും അടി ഉയർത്തിയാണ് പുനർ നിർമിച്ചത്. ഇതിനു ശേഷം റോഡ് മുഴുവൻ കോൺക്രീറ്റ് നടത്തുകയും അഴുക്കുചാൽ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
റോഡ് വളരെ ചെറുതാണെങ്കിലും ഏറെ പ്രധാന്യമുള്ളതാണ് ഈ ലിങ്ക് റോഡ്. റോഡിന്റെ ഒരു ഭാഗത്ത് ഒമാനി സ്കൂളാണ് സ്ഥിതിചെയ്യുന്നത്. സ്കൂളിലേക്കു വരുന്ന നിരവധി കുട്ടികളും വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോവുന്നത്. മാത്രമല്ല ഈ സ്കൂളിന്റെ ബസുകളും റോഡിന്റെ വശങ്ങളിലാണ് നിർത്തിയിടുന്നത്. റോഡിനോട് ചേർന്ന് നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് പുതുക്കിപ്പണിതതും വൃത്തിയാക്കിയതും ഈ സ്ഥാപനങ്ങൾക്കും അനുഗ്രമായിട്ടുണ്ട്. റൂവിയിലെ റെക്സ് റോഡ് അടക്കമുള്ള ഭാഗങ്ങളിൽനിന്ന് വാദീ കബീറിലേക്ക് പോവുന്നവർ ഈ റോഡിലൂടെയാണ് കടന്നുപോവുന്നത്. റൂവി നഗരത്തിൽനിന്ന് സി.ബി.ഡി ഏരിയയിലേക്കും മറ്റും പോവുന്നവരും ആശ്രയിക്കുന്നതും ഈ റോഡ് തന്നെയാണ്.
റൂവി ഖാബൂസ് മസ്ജിദ്, റൂവി ബദർ അൽ സമാ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് പോവുന്ന നിരവധി പേരാണ് ഈ റോഡ് വഴി കടന്നുപോവുന്നത്. അതിനാൽ ഏറെ തിരക്കുപിടിച്ച ഈ റോഡിൽ എപ്പോഴും വാഹനങ്ങളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.